റായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപൂരിൽ 13 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സൈന്യം സംയുക്തമായി നടത്തിയ നക്സൽ വിരുദ്ധ ഓപ്പറേഷനിടെ മാവോയിസ്റ്റുകൾ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
ഗംഗാലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലെന്ദ്ര ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, സി.ആർ.പി.എഫ്, സി.ആർ.പി.എഫ് കോബ്ര വിഭാഗങ്ങളാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽനിന്ന് മെഷീൻഗണ്ണും ഗ്രനേഡും അടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. മാർച്ച്-ജൂൺ മാസങ്ങളിൽ മാവോയിസ്റ്റുകൾ ബസ്തർ മേഖലയിൽ സുരക്ഷാ സൈന്യത്തിനെതിരെ വലിയ ആക്രമണങ്ങൾ നടത്താറുണ്ട്. മാർച്ച് 27ന് ബെസഗുഡ ഏരിയയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന ആറു മാവോയിസ്റ്റുകളെ വധിച്ചിരുന്നു.