കൊച്ചി : കേരളത്തില്‍ ആര്‍എസ്എസിന് വഴിയൊരുക്കാന്‍ വലിയ പങ്കുവഹിച്ച ചിത്രമായിരുന്നു കാലാപാനിയെന്നും രാജ്യദ്രോഹിയായ സവര്‍ക്കറെ മഹാനായി ചിത്രീകരിക്കാന്‍ ഗോവര്ദ്ധന് എന്ന സോഫ്റ്റ് കഥാപാത്രത്തെ മുന്‍നിര്‍ത്തി മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയിലൂടെ സാധിച്ചുവെന്നും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായര്‍. എംപുരാന് ഒരു പക്ഷെ ആര്‍എസ്എസിനെയും ബിജെപി യെയും അകറ്റി നിര്‍ത്തുന്നതിന് ഒരു ആഹ്വാനമാവുകയാണ്. 26 വര്‍ഷത്തിനിപ്പുറം മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയിലൂടെ തന്നെ പൃഥ്വിരാജിനും മുരളി ഗോപിക്കും അതിന് സാധിച്ചു എന്നത് കാലത്തിന്റെ കാവ്യനീതി ആവാമെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
”എംപുരാന് സിനിമ ആത്യന്തികമായ മുസ്ലീം വിരുദ്ധതയില്‍ കരുപ്പിടിപ്പിച്ച രാഷ്ട്രീയത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് വസ്തുതകളെ തമസ്കരിച്ചും വക്രീകരിച്ചും ഇസ്ലാമോഫോബിയ അതിന്റെ പരകോടിയില്‍ എത്തിച്ചും അധികാരം പിടിക്കുക എന്നതായിരുന്നു മോദി തന്ത്രം. അതിനെയാണ് എംപുരാന് തുറന്നു കാട്ടുന്നത്. അതാണ് സംഘികള്‍ക്ക് നോവുന്നത്. ആത്യന്തികമായ മുസ്ലീം വിരുദ്ധതയില്‍ കരുപ്പിടിപ്പിച്ച രാഷ്ട്രീയത്തെയാണ് സിനിമ ചോദ്യം ചെയ്യുന്നതെന്നും രാജു പി നായര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു”, രാജു പി നായര്‍ പറയുന്നു. ഗോധ്ര ട്രെയിന്‍ കത്തിക്കലിനെക്കുറിച്ചും ഗുജറാത്ത് വംശഹത്യയെക്കുറിച്ചുമെല്ലാം കുറിപ്പില്‍ പറയുന്നുണ്ട്.
രാജു പി നായരുടെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :-
എമ്പുരാൻ എന്ന ചിത്രത്തോടെ ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവം വീണ്ടും ചർച്ചയാവുകയാണ്. ഗുജറാത്തിലെ ഏകപക്ഷീയമായ വംശഹത്യക്ക് കളമൊരുക്കിയത് അയോദ്ധ്യയിൽ കർസേവ കഴിഞ്ഞു തിരികെ പോവുന്നവരെന്ന് സംഘപരിവാർ അവകാശപ്പെടുന്ന 59 പേർ കൊല്ലപ്പെട്ടത്തോടെയാണ്. ആ സംഭവത്തെ കുറിച്ച് രണ്ടു ജൂഡിഷ്യൽ കമ്മീഷനുകളും ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ നേതൃത്വം കൊടുത്ത Concerned Citizens ട്രൈബുണലും പ്രധാനമായും അന്വേഷിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഗോധ്രയിൽ ട്രെയിൻ അഗ്നിക്കിരയായ ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ഇറങ്ങിയ ഗുജറാത്തി പത്രങ്ങൾ ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഗോധ്രയിലെ ഘാഞ്ചി മുസ്ലിങ്ങളുടെ തലയിൽ കെട്ടി വയ്ക്കുന്ന റിപ്പോർട്ടുകൾ ആയിരുന്നു പ്രസിദ്ധീകരിച്ചത്. കർസേവകർ അയോദ്ധ്യയ്ക്ക് പോവുന്നതിനു മുൻപും അവർ തിരിച്ചു വന്നപ്പോഴും ഗോധ്ര റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരായ ഘാഞ്ചി മുസ്ലിംങ്ങളുമായി ഉണ്ടായ തർക്കത്തെ കൂട്ടിയിണക്കിയതോടെ ആർക്കും വിശ്വസിക്കാവുന്ന ഒരു കഥ ആയി അത് മാറുകയായിരുന്നു. പ്രകോപിതരായ മുസ്ലിംകൾ ഈ ട്രെയിനിനെ പിന്തുടർന്ന് തീവണ്ടി കത്തിച്ചു എന്ന നറേറ്റിവ് നിമിഷങ്ങൾക്കുള്ളിൽ പ്രചരിപ്പിക്കപ്പെട്ടു. ഈ റിപ്പോർട്ടുകൾ ആണ് വിശ്വ ഹിന്ദു പരിഷതിന്റെ കൃത്രിമമായി സൃഷ്ടിച്ച ദൃകസാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യ എഫ്.ഐ.ആർ. ഇട്ടത്. മുസ്ലിം ജനക്കൂട്ടം ട്രെയിനിന്റെ S6 കമ്പാർട്മെന്റിലേക്ക് പുറത്ത് നിന്ന് മണ്ണെണ്ണയിൽ കുതിർത്ത ചാക്കുകൾ എറിഞ്ഞും, മണ്ണെണ്ണ ഒഴിച്ചും ട്രെയിൻ കത്തിച്ചു എന്നായിരുന്നു സമാനമായ മൊഴികൾ. ഗുജറാത്ത് സർക്കാർ നിയോഗിച്ച ഷാ- മേഹ്ത – നാനാവതി കമ്മീഷൻ കണ്ടെത്തിയത് തദ്ദേശീയരായ മുസ്ലിമുകൾ തലേ ദിവസം നടത്തിയ ഗൂഡലോചനയുടെ ഫലമായി മുസ്ലിമുകൾ 140 ലിറ്റർ പെട്രോൾ ശേഖരിക്കുകയും അത് ഉപയോഗിച്ച് ട്രെയിൻ അഗ്നിക്കിരയാക്കി എന്നുമായിരുന്നു. എന്നാൽ 2005 ൽ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രി ആയിരിക്കുമ്പോൾ ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് കൊൽക്കൊത്ത ഹൈക്കോടതി റിട്ട. ജഡ്ജി യു.സി. ബാനർജീയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷന് രൂപം നൽകി. ഈ കമ്മീഷൻ അഗ്നിക്കിരയായ ട്രെയിൻ ഉൾപ്പടെ അന്ന് റെയിൽവേ സൂക്ഷിച്ചിരുന്ന പലപ്പോഴായി തീപ്പിടിത്തം ഉണ്ടായി ഫോറൻസിക് പരിശോധന നടത്തിയ 5 ബോഗികൾ കൂടി പഠനവിധേയമാക്കി. അതിൽ ഒരു ബോഗി ഗോധ്രയിൽ അഗ്നിക്കിരയായ S6 കോച്ചുമായി സമാനതകൾ ഉള്ളതായിരുന്നു. അതിൽ നിന്ന് ചില നിഗമനങ്ങളിൽ ബാനർജീ കമ്മീഷൻ എത്തി ചേർന്നു. S6 കോച്ചിന്റെ മദ്ധ്യഭാഗത്ത് ഉണ്ടായ തീ ഒരു പക്ഷെ കത്തിച്ച് വച്ചിരുന്ന സ്റ്റൗ അബദ്ധത്തിൽ മറിഞ്ഞ് ഉണ്ടായ തീപ്പിടിത്തമാവാം. അതിൽ നിന്ന് ഉണ്ടായ പുകയിലാണ് S6 കമ്പർട്ട്മെന്റിലെ ഭൂരിഭാഗം പേരും മരണപ്പെട്ടത്. റെയിൽവേ അന്ന് കാലത്ത് എളുപ്പത്തിൽ തീ പിടിക്കാവുന്ന മെറ്റീരിയലാണ് ഉപയോഗിച്ചിരുന്നതെന്നതും അക്കാലത്ത് യാത്രക്കാർ ദീർഘദൂര ട്രെയിനുകൾ ഭക്ഷണം പാകം ചെയ്തിരുന്നുവെന്നതും ഈ വാദത്തിന് ബലം നൽകി. ഇതിൽ വിറളി പൂണ്ട ബി.ജെ.പി. ഒരു പ്രോക്സി വഴിക്ക് മുഖർജീ കമ്മീഷനെതിരെ കോടതിയെ സമീപിക്കുകയും പിന്നീട് റെയിൽവേയ്ക്ക് അങ്ങനെ ഒരു ജൂഡിഷ്യൽ കമ്മീഷനെ നിയോഗിക്കാൻ അധികാരമില്ല എന്നും കോടതി വിധിച്ചു. റെയിൽവേക്ക് നഷ്ടമുണ്ടാക്കിയ അവരുടെ പ്രോപ്പർട്ടിയിൽ നടന്ന അട്ടിമറി ശ്രമം അന്വേഷിക്കാൻ റെയിൽവേക്ക് അധികാരമില്ല എന്ന വാദം അന്ന് തന്നെ വിചിത്രമെന്നാണ് നിയമവൃത്തങ്ങൾ പറഞ്ഞത്.മെയ് 7 ന് കൃഷ്ണയ്യരുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണത്തിൽ അവർ സംഭവസ്തലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി. അവർ കണ്ടെത്തിയത് ഇതൊക്കെയാണ്.1. ട്രെയിൻ നിർത്തിയ സ്ഥലം 12 മുതൽ 15 അടി വരെ നിരത്തിൽ നിന്ന് പൊക്കമുള്ള ബണ്ടിൽ ആണ്. ആ ഉയരത്തിൽ പുറത്ത് നിന്ന് കമ്പർട്ട്മെന്റിന് അകത്തേക്ക് പെട്രോൾ ഒഴിക്കുക അസാധ്യമാണ്. 2. അത്രയും ഉയരത്തിലുള്ള സംഭവസ്ഥലത്ത് പ്രത്യേകിച്ച് S6 കൊച്ചിന്റെ ചുറ്റിലും മാത്രമായി രണ്ടായിരത്തോളം ആൾക്കാർ കൂട്ടം കൂടി നിൽക്കാൻ കഴിയില്ല. രണ്ടായിരത്തോളം പേർ മുൻകൂട്ടി ഗൂഢാലോചന നടത്തി അവിടെ എത്തിയിരുന്നെങ്കിൽ എന്ത് കൊണ്ട് ആക്രമണം ഒരു കമ്പാർട്ട് മെന്റിൽ മാത്രം ഒതുങ്ങി?3. പുറത്ത് നിന്ന് മണ്ണെണ്ണ പോലെയുള്ള ദ്രാവകം ജനലിലൂടെ കമ്പാർട്ട്മെന്റിന് അകത്തേക്ക് ഒഴിച്ചാൽ ട്രെയിനിന്റെ പുറത്താകെ തീ പിടിക്കുമായിരുന്നു. എന്നാൽ പുറംഭാഗത്ത് ജനലിന് താഴേക്ക് തീ പിടിച്ചിട്ടില്ല എന്നതും ജനലിന്റെ മുകൾ ഭാഗത്തു മാത്രമാണ് തീ പടർന്നതെന്നതും പുറത്ത് നിന്ന് മണ്ണെണ്ണ ഒഴിച്ച് തീ വച്ചു എന്ന വാദം തള്ളുന്നു. അപ്പോൾ തീ അകത്ത് നിന്നാണെങ്കിൽ ആരാണ് അകത്തു നിന്ന് തീ കൊടുത്തതെന്ന സംശയം സ്വാഭാവികമായും ഉണ്ടാവുമല്ലോ. അതിനു പോലീസ് പുതുതായി ഉണ്ടാക്കിയ ഭാഷ്യം ട്രെയിൻ നിർത്തിയപ്പോൾ മുസ്ലിമുകളായവർ മണ്ണെണ്ണയുമായി അകത്ത് കടന്ന് 60 ലിറ്റർ മണ്ണെണ്ണ പോലെയുള്ള ദ്രാവകം കമ്പാർട്ട്മെന്റിന്റെ പ്ലാറ്റ്ഫോമിൽ ഒഴിച്ച് തീ കൊളുത്തി എന്നായിരുന്ന.. അബദ്ധങ്ങളുടെ ഘോഷയാത്ര ആയിരുന്നു ഈ വാദം. കർസേവകർ അയോദ്ധ്യയിൽ നിന്ന് പുറപ്പെട്ട തീവണ്ടിയിൽ ബലമായി റീസർവേഷൻ കമ്പാർട്ട്മെന്റിൽ കയറുകയായിരുന്നു. (കുംഭമേള കഴിഞ്ഞു റെയിൽവേ സ്റ്റേഷനിൽ കണ്ട ദൃശ്യങ്ങൾ നമുക്ക് മറക്കാൻ കഴിയില്ലല്ലോ. ഏതാണ്ട് അതോ അതിലും ഭീകരമായതോ ആയ അവസ്ഥ.) 1100 പേർക്ക് കയറാവുന്ന ട്രെയിനിൽ 2200 ന് മേലെ ആൾക്കാർ കയറി എന്നാണ് പറയുന്നത്. അത്രയും പേർ കയറിയ ട്രെയിനിൽ പ്രത്യേകിച്ച് പ്രകോപിതരായ തീവ്രതയോടെ നിൽക്കുന്ന ആളുകൾ ഉള്ള ട്രെയിനിൽ 60 ലിറ്റർ മണ്ണെണ്ണ പോലുള്ള ദ്രാവകം കന്നാസിലോ, ബക്കറ്റിലോ കൊണ്ട് വന്ന് ട്രെയിനിന്റെ കമ്പാർട്ട്മെന്റിൽ ഒഴിക്കുക എന്നത് സാധ്യമല്ല. ഈ വാദം സാധൂകരിക്കാൻ പോലീസിന് ഒരൊറ്റ സാക്ഷിയെ പോലും ലഭിച്ചില്ല.റെയിൽവേ രേഖകൾ പ്രകാരം 72 ബർത്തുകളിൽ 43 ബുക്കിങ്ങുകൾ ലഖ്നൗ സ്റ്റേഷനിൽ തന്നെ confirmed ബുക്കിങ് ആയിരുന്നു. ബാക്കി തൊട്ടടുത്ത സ്റ്റേഷനുകളിൽ നിന്ന് എടുത്ത ടിക്കറ്റുകൾ ഉണ്ട്. അയോദ്ധ്യ എത്തിയത്തോടെയാണ് ഈ ബോഗി കർസേവകർ കയ്യടക്കുന്നത്. മരണപ്പെട്ടതിൽ 20 പേർ പുരുഷന്മാരും 26 പേർ സ്ത്രീകളും 12 പേർ കുട്ടികളുമായിരുന്നു. പക്ഷെ 27 ഫെബ്രുവരി 2002 ന് വി.എച്ച്.പി. പ്രവർത്തകർ ഈ മൃതദേഹങ്ങൾ എല്ലാം കർസവകരുടെതാണെന്ന് പറഞ്ഞ് ഗോധ്ര പട്ടണത്തിൽ മൃതദേഹങ്ങൾ ഉയർത്തി പ്രകടനം നടത്തിയിരുന്നു. മരിച്ചവരിൽ 38 പേരും സ്ത്രീകളും കുട്ടികളുമായിരുന്നു. അവർ കർസേവകർ ആയിരുന്നില്ല. നരേന്ദ്ര മോദിയും ബി.ജെ.പി.യും കർസേവകരും ഇസ്ലാമോഫോബിയ ഉണ്ടാക്കി ഒരു കലാപത്തിന് വേണ്ടി നടത്തിയ ആസൂത്രിത ശ്രമമായിരുന്നു ഗോധ്ര സംഭവമെന്ന നിഗമനത്തിലേക്കാണ് ഗുജറാത്തിനു പുറത്തുള്ള അന്വേഷണങ്ങൾ എല്ലാം എത്തി ചേർന്നത്. Riot Engineers എന്ന വിളിപ്പേരുള്ള മോദിയുടെയും അമിത് ഷായുടെയും ബുദ്ധിയായിരുന്നു ഇതിന്റെ പിറകിൽ എന്നത് പകൽ പോലെ വ്യക്തമാണ്. പിന്നീട് ഉണ്ടായ ഗുജറാത്ത് വംശഹത്യ ചരിത്രമാണ്. ആ വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തവരെല്ലാം മോദിയുടെ വിശ്വസ്ഥരായിരുന്നു. 95 പേരെ കൊലപ്പെടുത്തിയ നരോദാ പാട്യ കേസിലെ പ്രതി മായ കൊട്നാനി മോദി മന്ത്രിസഭയിൽ പിന്നെ മന്ത്രി ആയിരുന്നു. ബാബു ബജ്റംഗി മുതൽ എത്രയോ പേരുടെ വെളിപ്പെടുത്തലുകൾ എല്ലാം മോദയിലേക്കാണ് എത്തിയത്. വസ്തുതകളെ തമസ്കരിച്ചും വക്രീകരിച്ചും ഇസ്ലാമോഫോബിയ അതിന്റെ പരകോടിയിൽ എത്തിച്ചും അധികാരം പിടിക്കുക എന്നതായിരുന്നു മോദി തന്ത്രം. അതിനെയാണ് എമ്പുരാൻ തുറന്നു കാട്ടുന്നത്. അതാണ് സംഘികൾക്ക് നോവുന്നത്. കാരണം അവരുടെ ആത്യന്തികമായ മുസ്ലിം വിരുദ്ധതയിൽ കരുപ്പിടിപ്പിച്ച രാഷ്ട്രീയത്തെയാണ് ഈ സിനിമ ചോദ്യം ചെയ്യുന്നത്. ഒരു പക്ഷെ കേരളത്തിൽ ആർ.എസ്.എസിനു വഴിയൊരുക്കാൻ വലിയ പങ്കു വഹിച്ച ചിത്രമായിരുന്നു കാലാപാനി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത രാജ്യദ്രോഹിയായ സവർക്കറെ ഒരു മഹാനായി ചിത്രീകരിക്കാൻ ഗോവർദ്ധൻ എന്ന സോഫ്റ്റ് കഥാപാത്രത്തെ മുൻനിർത്തി മോഹൻലാൽ എന്ന അഭിനയപ്രതിഭയിലൂടെ ആ ചിത്രത്തിന് സാധിച്ചു. എമ്പുരാൻ ഒരു പക്ഷെ ആർ.എസ്.എസിനെയും ബി.ജെ.പി. യെയും അകറ്റി നിർത്തുന്നതിന് ഒരു ആഹ്വാനമാവുകയാണ്. 26 വർഷത്തിനിപ്പുറം മോഹൻലാൽ എന്ന അതുല്യ പ്രതിഭയിലൂടെ തന്നെ പൃഥ്വിരാജിനും മുരളി ഗോപിക്കും അതിന് സാധിച്ചു എന്നത് കാലത്തിന്റെ കാവ്യനീതി ആവാം.