കൊച്ചി : കൊച്ചിയില്‍ ടാര്‍ഗെറ്റിന്റെ പേരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കടുത്ത തൊഴില്‍ പീഡനം. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെപ്പോലെ മുട്ടില്‍ നടത്തിച്ചു. കെല്‍ട്രോ സ്ഥാപന ഉടമയും ജനറല്‍ മാനേജറുമായ ഹുബൈലിനെതിരെയാണ് പരാതി. ഇയാള്‍ക്ക് പല ഇടങ്ങളിലായി പല പേരില്‍ സ്ഥാപനങ്ങളുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കലൂരിലെ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന സ്ഥാപനത്തിലെത്തി പരിശോധന നടത്തിയെങ്കിലും സംഭവം നടന്നത് ഇവിടെയല്ലെന്നാണ് പൊലീസിന്റെ നിഗമനം.
ജീവനക്കാരെ മുട്ടുകാലില്‍ നടത്തി, നിലത്തുനിന്ന് നാണയങ്ങളും ചീഞ്ഞ പഴങ്ങളും അടക്കം നക്കിയെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ജീവനക്കാരെ വിവിധ ഇടങ്ങളില്‍ കമ്പനിയുടെ തന്നെ താമസ സ്ഥലത്താണ് താമസിപ്പിച്ചിരുന്നത്. ടാര്‍ഗെറ്റ് നേടാത്ത ജീവനക്കാരെ സ്ഥിരമായി ക്രൂര പീഡനത്തിന് ഇരയാക്കാറുണ്ടെന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്.
സംഭവത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു. കമ്പനിയുടെ വിവിധ ബ്രാഞ്ചുകളില്‍ പരിശോധന നടത്തുമെന്നാണ് തൊഴില്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഫോര്‍ട്ടുകൊച്ചി, പെരുമ്പാവൂര്‍ ശാഖകളിലും പരിശോധന നടത്തുമെന്നാണ് വകുപ്പ് അറിയിച്ചിരക്കുന്നത്.