ദുബായ് : കനത്ത മഴയെത്തുടർന്ന് ദുബായിൽനിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ ചെക്ക്-ഇൻ എമിറേറ്റ്സ് എയർലൈൻ താൽക്കാലികമായി നിർത്തിവച്ചു. വിമാനം പുറപ്പെടുന്നതിലും എത്തിച്ചേരുന്നതിലും യാത്രക്കാർ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ അറിയിച്ചു. പ്രശ്ന ബാധിതരായ ഉപയോക്താക്കൾക്ക് റീബുക്കിങ്ങിനായി അവരുടെ ബുക്കിങ് ഏജൻ്റിനെയോ എമിറേറ്റ്സ് കോൺടാക്റ്റ് സെന്ററിനെയോ ബന്ധപ്പെടാം.
ദുബായിൽ എത്തി ഇതിനകം ട്രാൻസിറ്റിലിരിക്കുന്ന യാത്രക്കാരെ അവരുടെ വിമാനങ്ങൾക്കായി നടപടികൾ തുടരും. യാത്രക്കാർക്ക് പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും കാലതാമസം പ്രതീക്ഷിക്കാമെന്നും എമിറേറ്റ്സ് വെബ്സൈറ്റിൽ ഏറ്റവും പുതിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കാമെന്നും പ്രസ്താവനയിൽ നിർദേശിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവള(ഡിഎക്സ്ബി)ത്തിൽ ഫ്ലൈ ദുബായ് എയർലൈൻസിന്റെ പ്രവർത്തനങ്ങളെ നിലവിലെ കാലാവസ്ഥ തടസ്സപ്പെടുത്തിയതായി വക്താവ് പറഞ്ഞു. ഇതേത്തുട്ന്ന് പല ഫ്ലൈദുബായ് വിമാനങ്ങളും റദ്ദാക്കപ്പെടുകയോ കാലതാമസം നേരിടുകയോ ചെയ്തു.
ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. 3 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു.യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ നാലു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദേശിച്ചു. സ്വന്തമായി ചെക്ക് ഇൻ ചെയ്യാവുന്ന സെൽഫ് സർവീസ് ഉപയോഗിച്ചാൽ സമയം ലാഭിക്കാം.