ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇ.വി.എം) ഹാക്ക് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ടെസ്ല, സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. അതിനെ എതിർത്ത് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ എക്സ് പ്ളാറ്റ്ഫോമിൽ തർക്കം. മസ്കിനെ പിന്തുണച്ച് പ്രതിപക്ഷ നേതാക്കളായ രാഹുൽഗാന്ധിയും അഖിലേഷ് യാദവും രംഗത്തെത്തി.
യു.എസിന്റെ കീഴിലുള്ള പ്യൂർട്ടോ റിക്കോ ദ്വീപിൽ രണ്ടിന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ നൂറുകണക്കിന് ഇ.വി.എമ്മുകളിൽ ക്രമക്കേട് കണ്ടെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് മസ്ക് പോസ്റ്റിട്ടത്. വോട്ടിംഗ് യന്ത്രങ്ങൾ ഒഴിവാക്കണം. മനുഷ്യരോ, നിർമ്മിത ബുദ്ധിയോ (എ.ഐ) വഴി ഇ.വി.എമ്മുകൾ ഹാക്കു ചെയ്യപ്പെടാൻ ചെറുതാണെങ്കിലും സാദ്ധ്യത വളരെ കൂടുതലാണ്.
മസ്കിന്റെ വാദം രാജീവ് ചന്ദ്രശേഖർ തള്ളി. ഡിജിറ്റൽ ഹാർഡ്വെയറുകൾ സുരക്ഷിതമല്ലെന്ന വാദം അംഗീകരിക്കാനാവില്ല. യു.എസിലേതു പോലെ ഇന്റർനെറ്റുമായി ബന്ധിപ്പിച്ച ഇ.വി.എമ്മുകൾക്കെതിരെ അതുപറയാം. ഇന്ത്യയിൽ നിർമ്മിച്ച് ഉപയോഗിക്കുന്നവ സുരക്ഷിതമാണ്. ഇന്റർനെറ്റ്, ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങൾ ഉപയോഗിക്കാതെ നിർമ്മിക്കുമ്പോൾത്തന്നെ, ഉള്ളിൽ സന്നിവേശിപ്പിച്ച പ്രോഗ്രാമുകൾ അടിസ്ഥാനപ്പെടുത്തിയാണ് അവ പ്രവർത്തിക്കുന്നത്. ഇതുപോലുള്ളവ ലോകത്തെവിടെയും നിർമ്മിക്കാം. ആവശ്യമെങ്കിൽ മസ്കിന് പരിശീലനം നൽകാമെന്നും പറഞ്ഞു.
ഇതിന് മസ്കിന്റെ മറുപടി ഉടനെത്തി ‘എന്തും ഹാക്ക് ചെയ്യപ്പെടാം’. പിന്നാലെ രാജീവിന്റെ മറുപടി: ‘സാങ്കേതികമായി ശരിയാണ്. ക്വാണ്ടം കമ്പ്യൂട്ട് ഉപയോഗിച്ച്, ഏതു തലത്തിലുള്ള എൻക്രിപ്ഷനും ഡീക്രിപ്റ്റ് ചെയ്യാം. ലാബ്-ലെവൽ സാങ്കേതികവിദ്യയും ധാരാളം വിഭവങ്ങളും ഉപയോഗിച്ച്, ഒരു ജെറ്റ് വിമാനത്തിന്റെ ഗ്ലാസ് കോക്ക്പിറ്റിനുള്ളിലെ ഫ്ളൈറ്റ് കൺട്രോളടക്കം ഏത് ഡിജിറ്റൽ ഹാർഡ്വെയറും ഹാക്കുചെയ്യാം. പക്ഷേ ഇ.വി.എമ്മുകൾ അതിൽനിന്നു വ്യത്യസ്തമാണ്’.
ഗുരുതരമായ ആശങ്ക:
രാഹുൽഗാന്ധി
ഇ.വി.എമ്മുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചിരുന്ന പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി ലഭിച്ച പിടിവള്ളിയായി മസ്കിന്റെ പ്രസ്താവന. ഇന്ത്യയിലെ ഇ.വി.എമ്മുകൾ ഒരു ‘ബ്ലാക്ക് ബോക്സ്’ ആണെന്നും അവ സൂക്ഷ്മമായി പരിശോധിക്കാൻ അനുവാദമില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നുവരുന്നുവെന്നും എക്സിൽ കുറിച്ചു. ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ദ്ധർ ഇ.വി.എം കൃത്രിമത്വത്തിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് അഖിലേഷ് യാദവ്. തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടത്തണമെന്ന ആവശ്യം ആവർത്തിക്കുന്നുവെന്നും വ്യക്തമാക്കി.