ഹുറൂണ്‍ ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ ടെസ്ലയുടെ സ്ഥാപകൻ ഇലോണ്‍ മസ്ക് ഒന്നാം സ്ഥാനത്ത്. 23,100 കോടി ഡോളറിന്റെ ആസ്തിയാണ് മസ്കിനുള്ളത്. 18,100 കോടി ഡോളറിന്റെ ആസ്തിയുമായി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും 17,500 കോടി ഡോളറിന്റെ ആസ്തിയുമായി ബെര്‍ണാഡ് ആര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തുമുണ്ട്.
പട്ടികയില്‍ 11,500 കോടി ഡോളറിന്റെ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി 10-ാം സ്ഥാനത്തെത്തി. ഇന്ത്യയില്‍ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്. 8,600 കോടി ഡോളറുമായി ഗൗതം അദാനി പട്ടികയില്‍ 15-ാം സ്ഥാനത്തെത്തി. എച്ച്.സി.എല്ലിന്റെ ശിവ് നാടാര്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈറസ് എസ്. പൂനവാല, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ദിലീപ് ഷാംഗ്വി, കുമാര്‍ മംഗളം ബിര്‍ള തുടങ്ങിയവരും പട്ടികയിലുണ്ട്.
മലയാളികളില്‍ ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസുഫലിയാണ് ഒന്നാം സ്ഥാനത്ത്. 700 കോടി ഡോളറിന്റെ ആസ്തിയുള്ള അദ്ദേഹം ആഗോള തലത്തിൽ 455-ാം സ്ഥാനത്താണ്. ജോയ് ആലുക്കാസാണ് രണ്ടാം സ്ഥാനത്തുള്ളത്. 500 കോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ 595-ാം സ്ഥാനത്താണ് അദ്ദേഹം. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഗോപാലകൃഷ്ണന്, ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിലെ ഷംഷീര്‍ വയലില്‍, കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്, ആര്. പി ഗ്രൂപ്പ് ഉടമ രവി പിള്ള തുടങ്ങിയ മലയാളികളും പട്ടികയിലുണ്ട്.
ഏഷ്യയില്‍ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള നഗരമായി മുംബൈ മാറി. ബെയ്ജിംഗിനെ മറികടന്നാണ് നേട്ടം. 92 ശതകോടീശ്വരന്മാരുള്ള മുംബൈ ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. നഗരങ്ങളുടെ കാര്യത്തില്‍ ഏഴ് വര്‍ഷത്തിന് ശേഷം 119 ശതകോടീശ്വരന്മാരുമായി ന്യൂയോര്‍ക്ക് ഒന്നാം സ്ഥാനത്തെത്തി. 97 പേരുമായി ലണ്ടന്‍ രണ്ടാമതും മുംബൈ മൂന്നാമതുമാണ്.