മാനന്തവാടി: ജനവാസ മേഖലയിലിറങ്ങിയ കാട്ടാന മാനന്തവാടിയിൽ ഭീതി പരത്തുന്നു. കോടതി വളപ്പിൽ കയറിയ ഒറ്റയാൻ കെ എസ് ആർ ടി സി ഡിപ്പോയുടെ സമീപത്തേക്ക് നീങ്ങുകയാണ്. വനംവകുപ്പും പൊലീസും സ്ഥലത്തുണ്ട്. മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ആന കണിയാരത്തെത്തിയത്. ആനയെ കണ്ട പ്രദേശവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ ആന പായോട് എത്തി. തുടർന്ന് ന്യൂമാൻസ് കോളേജ്, മിനി സിവിൽ സ്റ്റേഷൻ, എൻ ജി ഒ ക്വാർട്ടേഴ്സ്, വനംവകുപ്പിന്റെ വിശ്രമകേന്ദ്രം എന്നിവയുടെ സമീപത്തുകൂടി നീങ്ങി. ഒടുവിൽ കെ എസ് ആർ ടി സി ഡിപ്പോയുടെ സമീപത്തെത്തി.
ആളുകൾ ടൗണിലേക്ക് വരുന്നത് പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ രേണു രാജ് മുന്നറിയിപ്പ് നൽകി.ആനയെ പടക്കം പൊട്ടിച്ച് ഓടിക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ശ്രമം.എന്നാൽ ആന ഇതുവരെ പ്രകോപനം സൃഷ്ടിച്ചിട്ടില്ല. മാനന്തവാടിയിലെ സ്കൂളുകൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളിലെത്തിയ കുട്ടികളെ സുരക്ഷിതരാക്കണമെന്നും, വീട്ടിൽ നിന്ന് ഇറങ്ങാത്തവർ പുറപ്പെടരുതെന്നുമാണ് നിർദേശം. റേഡിയോ കോളർ ഘടിപ്പിച്ച ആന കർണാടക മേഖലയിൽ നിന്നെത്തിയതാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, മലപ്പുറം എടക്കര ടൗണിൽ കാട്ടുപോത്തിറങ്ങി. പുലർച്ചെ നാല് മണിയോടെയാണ് കാട്ടുപോത്തിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ടൗണിൽ നിന്ന് ഓടിച്ചു. സ്വകാര്യ മേഖലയിൽ നിന്ന് വനത്തിലേക്ക് കയറ്റാൻ ശ്രമം തുടരുന്നു.