തിരുവനന്തപുരം : ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര് മര്‍ദിച്ച സംഭവത്തില്‍ പാപ്പാന്മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കിയതായി വനം മന്ത്രി. സംഭവത്തില്‍ വനം വകുപ്പ് രണ്ട് കേസുകള്‍ എടുത്തിട്ടുണ്ടെന്നും പാപ്പാന്മാര്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വിഷയത്തില്‍ നിജസ്ഥിതി അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. പാപ്പാന്മാര് ആനകളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷയത്തില്‍ വനം വകുപ്പ് രണ്ട് കേസുകള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതിയും വിശദീകരണം തേടിയിട്ടുണ്ട്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയ്ക്കും കേശവന്‍കുട്ടി എന്നി ആനയെയുമാണ് പാപ്പാന്മാര് അടിക്കുന്ന ൃശ്യങ്ങള്‍ പുറത്തുവന്നത്. കുളിപ്പിക്കാന്‍ കിടക്കാന്‍ കൂട്ടാക്കാത്ത ആനയെ പാപ്പാന് വടികൊണ്ട് തല്ലുകയായിരുന്നു.
എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ പുതിയ ദൃശ്യങ്ങളല്ലെന്നാണ് ആനക്കോട്ടയുടെ വിശദീകരണം. ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചാവും തുടര്‍ നടപടി സ്വീകരിക്കുക. സംഭവത്തിന് പിന്നാലെ രണ്ട്പാപ്പാന്‍മാരെ സസ്പെന്‍ഡ് ചെയ്തു.