ന്യൂഡല്‍ഹി : ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ഹര്‍ജി നല്‍കിയത്. ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഹൈക്കോടതി ഉത്തരവു പ്രകാരം ആന എഴുന്നള്ളിപ്പ് നടത്താനാകില്ലെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടില്ല. അധികാര പരിധിയും കടന്ന് ഹൈക്കോടതി പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂരം നടത്തുന്ന മേഖലയിലെ സ്ഥലപരിമിതി പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ഹൈക്കോടതി നിലപാടെടുത്തുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഉത്സവത്തിന് ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സ്വദേശികളും വിദേശികളുമായി 5 ലക്ഷത്തിലധികം പേര് വരുന്ന പൂരമാണ്. കേരളത്തിന്റെ സാംസ്കാരിക തനിമ അനുഭവിച്ചറിയുക കൂടിയാണ് കാഴ്ചക്കാരുടെ ലക്ഷ്യം. ഡിവിഷന് ബെഞ്ചിന്റെ നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.