മൈസൂരു : മൈസൂരു ദസറ ഉത്സവത്തില്‍ വര്‍ഷങ്ങളോളം തലയെടുപ്പോടെ നിന്ന അര്‍ജുന (63) ചരിഞ്ഞു. പശ്ചിമ ഘട്ടത്തില്‍ രക്ഷാദൗത്യത്തിനിടെ, കാട്ടാനയുടെ കുത്തേറ്റാണ് അര്‍ജുന എന്ന ആന ചരിഞ്ഞത്. മൈസൂരു ദസറ ഉത്സവത്തിന്റെ മുഖ്യ ആകര്‍ഷണമാണ് സ്വര്‍ണ സിംഹാസനം ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന ചടങ്ങ്. ഉത്സവത്തിന്റെ ഭാഗമായി എട്ടു തവണ സ്വര്‍ണ സിംഹാസനം വഹിക്കാനുള്ള ഭാഗ്യം ഉണ്ടായത് അര്‍ജുനയ്ക്കാണ്. അര്‍ജുന വിട്ടുപോയതിന്റെ ദുഃഖത്തിലാണ് ആനപ്രേമികള്‍.
സക്ലേഷ്പൂരിലെ യെസ്ലൂര്‍ റേഞ്ചില്‍ നാല് കാട്ടാനകള്‍ക്ക് റേഡിയോ കോളര്‍ ഇടുന്നതിനിടെയാണ് ഇതില്‍ ഒരെണ്ണം അര്‍ജുനയെ ആക്രമിച്ചത്. ഹസന് ജില്ലയിലെ മലയോരമേഖലയാണ് സക്ലേഷ്പൂര്‍. 15 മിനിറ്റ് നേരമാണ് ആക്രമണം നീണ്ടുനിന്നത്. കാട്ടാനയുടെ ആക്രമണം കണ്ട് മറ്റു കുങ്കിയാനകള്‍ മാറിനിന്നു. ആകാശത്തേയ്ക്ക് തുടര്‍ച്ചയായി വെടിയുതിര്‍ത്തതോടെയാണ് അര്‍ജുനയെ ആക്രമിക്കുന്നതില്‍ നിന്ന് കാട്ടാന വിട്ടുനിന്നത്. അതിനിടെ അര്‍ജുനയ്ക്ക് കഴുത്തിലും വയറ്റിലും ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കിനെ തുടർന്ന് ചികിത്സയ്ക്കിടെയാണ് ആന ചരിഞ്ഞത്.
2012 മുതല്‍ 2019 വരെയുള്ള എട്ടുവര്‍ഷ കാലയളവിലാണ് ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം വച്ചിരിക്കുന്ന സ്വര്‍ണ സിംഹാസനം അര്‍ജുന വഹിച്ചത്. 1990 മുതല്‍ മൈസൂരുവിലെ ദസറ ഘോഷയാത്രയില്‍ സ്ഥിരം സാന്നിധ്യമായിരുന്നു അര്‍ജുന.