തിരുവനന്തപുരം: വേനൽ കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിലെത്തി. ഇന്നലെ മാത്രം മൊത്തം ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റ് കടന്നു. ഈ സാചര്യത്തിൽ വളരെ കരുതലോടെ മാത്രം വൈദ്യുതി ഉപയോഗിക്കാൻ ഉപഭോക്താക്കളോട് നിർദേശിച്ചിരിക്കുകയാണ് കെ എസ് ഇ ബി.
ഇന്നലെ പീക്ക് ടൈമിൽ (വൈകിട്ട് ആറുമണി മുതൽ രാത്രി പത്ത് മണിവരെ) ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. കഴിഞ്ഞവർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ മറികടന്നത്. ഇത് തുടർന്നാൽ സംസ്ഥാനം വൈദ്യുതി ക്ഷാമത്തിലേയ്ക്കും വൈദ്യുതി കടമെടുക്കുന്നതിലേയ്ക്കും കടക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, സംസ്ഥാന സർക്കാർ നൽകാനുള്ള പണം ഒടുക്കിയില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് അറിയിച്ചിരിക്കുകയാണ് കെ എസ് ഇ ബി. ഇതുസംബന്ധിച്ച് സർക്കാരിന് കത്ത് നൽകി. മുൻകൂർ പണം അടച്ച് വൈദ്യുതി വാങ്ങിയില്ലെങ്കിൽ ഏത് ദിവസവും ലോഡ് ഷെഡ്ഡിംഗിലേക്ക് പോയേക്കാമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്.
മഴ കുറഞ്ഞതോടെ ഡാമുകളിൽ വെള്ളം കുറഞ്ഞു. ദീർഘകാല കരാറുകൾ റദ്ദായതോടെ കുറഞ്ഞവിലയ്ക്ക് വൈദ്യുതി കിട്ടാനുമില്ല. ഓപ്പൺ സോഴ്സിൽ നിന്ന് വൈദ്യുതി വാങ്ങാൻ മുൻകൂർ പണം നൽകണം. അതിന് കോടികൾ ആവശ്യമായി വരും. സാമ്പത്തിക ബുദ്ധിമുട്ടുള്ള ബോർഡിന് ഈ തുക കണ്ടെത്താനാവില്ല. വായ്പ കിട്ടാനുമില്ല. ഇതാണ് കെ എസ് ഇ ബിയെ പ്രതിസന്ധിയിലാക്കുന്നത്.