തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച കുറഞ്ഞ വൈദ്യുതി ഉപയോഗം തിങ്കളാഴ്ച പഴയപടിയായി. ഞായറാഴ്ചത്തെ 103.28 ദശലക്ഷം യൂണിറ്റായിരുന്ന വൈദ്യുത ഉപയോഗം തിങ്കളാഴ്ച 110.56 ദശലക്ഷം യൂണിറ്റായി ഉയർന്നു. 5720 മെഗാവാട്ട് വൈദ്യുതിയാണ് തിങ്കളാഴ്ച സംസ്ഥാനം ഉപയോഗിച്ചത്. കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന ഉപയോഗ സമയത്തെ ആവശ്യകതയിൽ കുറവ് വരുത്തുക മാത്രമാണ് വഴി.
എൽഇഡി ബൾബ്
ഓഫ് ചെയ്യാം,
125 മെഗാവാട്ട് ലാഭിക്കാം
10 വാട്സിന്റെ ഒരു എൽഇഡി ബൾബ് ഓഫ് ചെയ്താൽ കേരളത്തിന് ലാഭിക്കാനാകുന്നത് 125 മെഗാവാട്ട് വൈദ്യുതിയാണ്. 10 വാട്സിന്റെ രണ്ട് എൽഇഡി ബൾബുകൾ അല്ലെങ്കിൽ 20 വാട്സിന്റെ ഒരു എൽഇഡി ട്യൂബ് ഓഫാക്കിയാൽ 250 മെഗാവാട്ട് വൈദ്യുതിയും ലാഭിക്കാം. ഓരോ ഉപയോക്താവും 50 വാട്സ് വൈദ്യുതി അതായത് 10 വാട്സിന്റെ ഒരു എൽഇഡി ബൾബും 20 വാട്സിന്റെ രണ്ട് ട്യൂബുകളും ഓഫ് ചെയ്താൽ കേരള ഗ്രിഡിന് 625 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനാകും. വൈകിട്ട് ആറുമുതൽ രാത്രി 12വരെയാണ് ഇക്കാര്യത്തിൽ ശ്രദ്ധ വേണ്ടത്. ഇങ്ങനെ ചെയ്യുന്നത് ഉയർന്ന ഉപയോഗ സമയത്ത് 11 ശതമാനത്തോളം വൈദ്യുതി കുറവ് വരുത്താനാകും.
സംഘടനാ നേതാക്കളുമായി മന്ത്രിയുടെ ചർച്ച ഇന്ന്
വിവിധ സംഘടനാ പ്രതിനിധികളുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ബുധനാഴ്ച ചർച്ച നടത്തും. കെഎസ്ഇബിയുടെയും വൈദ്യുതി വകുപ്പിന്റെയും ഫീൽഡ് ജീവനക്കാർ പൊതുജനങ്ങളിൽ നിന്ന് അതിക്രമം നേരിടുന്നതും പ്രതിസന്ധികാലം എങ്ങനെ അതിജീവിക്കാം എന്നതും ചർച്ചാവിഷയമാകും.