കൊച്ചി: എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി ബന്ധം പൂർണമായി പുനഃസ്ഥാപിച്ചു. കെഎസ്ഇബി അധികൃതരുമായി കളക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. ഇതുവരെയുള്ള കുടിശിക മാർച്ച് 31നകം തീർക്കുമെന്ന് കളക്ടർ ഉറപ്പുനല്‍കിയതോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. രാവിലെ ഓഫീസ് സമയത്തിനു മുമ്പുതന്നെ കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തിയിരുന്നു.
പലതവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്താലാണ് ചൊവ്വാഴ്ച കളക്ടറേറ്റ് സമുച്ചയത്തിലെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. കളക്ടറേറ്റിലെ വിവിധ ഓഫീസുകൾ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ 57.95 ലക്ഷം രൂപ കുടിശിക വരുത്തിയതോടെയാണ് കെഎസ്ഇ ബിയുടെ ഈ നടപടി. ചൊവ്വാഴ്ച രാവിലെ ജീവനക്കാർ എത്തിയ സമയത്ത് വൈദ്യുതി ഇല്ലാത്തതിനാൽ യുപിഎസിന്റെ സഹായത്തോടെ കംപ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുകയായിരുന്നു. പിന്നീടാണ് കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരിയതാണെന്ന് ജീവനക്കാർ അറിഞ്ഞത്. ഇതിനെ തുടർന്ന് 48ഓളം ഓഫീസുകളിലെ പ്രവർത്തനം താറുമാറായി. കടുത്ത ചൂടിൽ ഫാൻ പോലുമില്ലാതെ ആയിരുന്നു ജീവനക്കാർ ചൊവ്വാഴ്ച ഓഫീസിലിരുന്നത്.
കഴിഞ്ഞ അഞ്ച് മാസമായി മിക്ക ഓഫീസുകളും വൈദ്യുതി ബിൽ അടച്ചിട്ടില്ല. മൈനിംഗ് ആൻഡ് ജിയോളജി, ജില്ലാ ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. ഡെപ്യൂട്ടി എഡ്യുക്കേഷൻ ഓഫീസിന്റെ കുടിശിക 92,933 രൂപയാണ്. റവന്യൂ വിഭാഗം 7,19,554 രൂപയാണ് കുടിശിക അടയ്ക്കാനുള്ളത്. ഓരോ ലൈനിലും രണ്ടും മൂന്നും ഓഫീസുകൾ വീതം പ്രവർത്തിക്കുന്നുണ്ട്. കൃഷി, വിദ്യാഭ്യാസം, സർവെ, വനിതാ ശിശുക്ഷേമ വകുപ്പുകൾ ഉൾപ്പെടെയുള്ള ഓഫീസുകളിലും വൈദ്യുതി മുടങ്ങി.