ന്യൂഡൽഹി: രാജ്യത്ത് വ്യാജമരുന്നുകളും നിലവാരം കുറഞ്ഞ മരുന്നുകളും ഉൽപ്പാദിപ്പിച്ച് വിറ്റഴിച്ച ഏഴ് കമ്പനികൾ നടപടികളിൽനിന്ന് രക്ഷതേടി കൈമാറിയത് 233 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ. 35 മരുന്നുനിർമാണ കമ്പനികൾ ഏതാണ്ട് 1000 കോടിയോളം ഇലക്ടറൽ ബോണ്ടുകളായി കൈമാറി.
ഹെട്രോ ഗ്രൂപ്പിന് കീഴിൽ വരുന്ന രണ്ട് കമ്പനികൾ 2022 ഏപ്രിലിൽ 39 കോടി രൂപയുടെ ബോണ്ടുകൾ കൈമാറി. കോവിഡ് കാലത്ത് ആന്റിവൈറൽ മരുന്നായ രെംഡിസിവിർ വ്യാപകമായി ഉൽപ്പാദിപ്പിച്ച് വിറ്റഴിച്ച കമ്പനിയാണിത്. ബോണ്ട് വാങ്ങുന്നതിന് മുമ്പായുള്ള 10 മാസ കാലയളവിൽ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആറ് നോട്ടീസുകൾ ഹെട്രോ ഗ്രൂപ്പ് കമ്പനികൾക്ക് നൽകിയിരുന്നു. നിലവാരം കുറഞ്ഞതും വ്യാജവുമായ രെംഡെസിവിർ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തതിനായിരുന്നു നോട്ടീസ്. ലൈസൻസ് പോലും റദ്ദാവേണ്ടതാണെങ്കിലും ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള കമ്പനിക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. ഇതേ ഗ്രൂപ്പ് 2023 ജൂലൈ, ഒക്ടോബർ കാലയളവിലായി 21 കോടി രൂപയുടെ ബോണ്ടുകൾ നല്കി.
ടൊറന്റ് ഫാർമ 2019 മെയ് മാസംമുതൽ 2024 ജനുവരിവരെയായി 77.5 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി. ഈ കമ്പനിയുടെ ആന്റി പ്ലേറ്റ്ലെറ്റ് മരുന്ന് മഹാരാഷ്ട്രയിലെ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. 2019 ഒക്ടോബറിൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്പനിക്ക് താക്കീത് നൽകുകയും ചെയ്തു. എന്നാൽ ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള കമ്പനിക്കെതിരെയും നടപടിയുണ്ടായില്ല. പല ഘട്ടങ്ങളിലായി നിലവാരം കുറഞ്ഞതും വ്യാജവുമായ മരുന്നു വിറ്റതിന് നോട്ടീസ് ലഭിക്കുകയും ഇല്ടറല്ബോണ്ട് കൈമാറുകയും ചെയ്ത മറ്റ് ചില കമ്പനികള്: സൈഡസ് ഹെൽത്ത്കെയർ(29 കോടി ), ഗ്ലെൻമാർക്ക്(9.75 കോടി ), സിപ്ള(39.2 കോടി), ഐപിസിഎ ലാബ്(13.5 കോടി), ഇന്റാസ് ഫാർമ(20 കോടി).