ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണ തന്ത്രങ്ങൾ മെനയാൻ സുനിൽ കനുഗോലു ഇല്ല. തെരഞ്ഞെടുപ്പ് മുൻനിർത്തി കോൺഗ്രസ് ഹൈക്കമാൻഡ് രൂപംനൽകിയ ‘ദൗത്യസേന– 2024’ൽ അംഗമായിരുന്ന സുനിൽ കനുഗോലു ദൗത്യസേനയിൽനിന്ന് പിന്മാറി. വർഷാവസാനം നടക്കുന്ന ഹരിയാന,- മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രവർത്തിക്കും. ലോക്സഭാ പ്രചാരണത്തിൽനിന്ന് കനുഗോലു പെട്ടെന്ന് പിന്മാറിയതിന്റെ കാരണം കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യ കൂട്ടായ്മയിലെ പാർടികളുമായി ധാരണ രൂപപ്പെടുത്തുന്ന പശ്ചാത്തലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി 255 സീറ്റിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നാണ് ഹൈക്കമാൻഡ് തീരുമാനം. പ്രചാരണതന്ത്രങ്ങൾ തീരുമാനിക്കുന്നതിൽ പൂർണ സ്വാതന്ത്ര്യം കിട്ടണമെന്നാണ് കനുഗോലുവിന്റെ നിലപാട്. എന്നാൽ, കൂടുതൽ സംസ്ഥാനങ്ങളിലും മറ്റ് പാർടികളുമായി ധാരണയിൽ മത്സരിക്കുന്നതിനാൽ പൂർണസ്വാതന്ത്ര്യം നൽകാനാകില്ലെന്ന് നേതൃത്വം അറിയിച്ചിരുന്നു. ഇക്കാര്യത്തിലെ അതൃപ്തികൂടി പ്രകടമാക്കാനാണ് ദൗത്യസേനയിൽനിന്ന് കനുഗോലു പിന്മാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി മുഖാമുഖം ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സാധ്യത കുറവാണെന്ന തിരിച്ചറിവും കാരണമായി പറയപ്പെടുന്നു.
ഹരിയാനയിലും മഹാരാഷ്ട്രയിലും കനുഗോലുവിന്റെ ടീം അംഗങ്ങൾ നേരത്തേതന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി അറിയപ്പെടുന്ന പ്രശാന്ത് കിഷോറിനെ നേരത്തേ കോൺഗ്രസ് സമീപിച്ചിരുന്നെങ്കിലും അദ്ദേഹവും പിന്നീട് പിൻവാങ്ങി. ഇദ്ദേഹത്തിന്റെ സംഘത്തിൽ ഉൾപ്പെട്ടിരുന്ന കനുഗോലു കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ കോൺഗ്രസിനായി പ്രവർത്തിച്ചിരുന്നു. നിലവിൽ കർണാടകത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവാണ്.