സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോഴുള്ള ആകെ ചെലവ് 10.45 കോടിയായിരുന്നു. 2024ൽ അത് 24,000 കോടിയിലേക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ. അതായത് 2,400 മടങ്ങിന്റെ വർധന. 2019ൽ തെരഞ്ഞെടുപ്പ് ചെലവ് 12,000 കോടിയായിരുന്നിടത്താണ് ഇരട്ടിയിലേറെയുള്ള ഈ വർധന. ഇതോടെ ഒറ്റത്തവണ തെരഞ്ഞെടുപ്പിനുള്ള പ്രധാന വാദഗതിയായി ഇത് ഉയർത്താനാണ് കേന്ദ്ര നീക്കം. ഇലക്ടറല്‍ ഓഫീസുകള്‍, ഇലക്ടറല്‍ ബൂത്തുകള്‍, വോട്ടര്‍ പട്ടിക തയ്യാറാക്കുക എന്നിവയ്ക്കാണ് ചെലവ് ഏറുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മാത്രമാണ് ഇത്രയും വലിയ തുക ചെലവാകുന്നതെന്നതും ശ്രദ്ധേയമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചെലവുകള്‍ കേന്ദ്ര സര്‍ക്കാരാണ് നോക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫണ്ടിംഗ് നടത്തുന്നത് അതാത് സംസ്ഥാന സര്‍ക്കാരുകളാണ്. ഇനി ഒരേസമയമാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ ചെലവ് കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിടുകയാണ് പതിവ്. 1952ലെ 10.45 കോടിയിൽ നിന്ന് 2014 ആയപ്പോള്‍ തെരഞ്ഞെടുപ്പ് ചെലവ് 3074 കോടിയായി. 1952ല്‍ 53 രാഷ്ട്രീയ പാര്‍ട്ടികളും 533 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമാണ് 489 സീറ്റുകളിലേക്ക് മത്സരിച്ചത്. 2014 ആയപ്പോഴേക്കും 464 രാഷ്ട്രീയ പാര്‍ട്ടികളും 3234 സ്ഥാനാര്‍ത്ഥികളുമാണ് 543 സീറ്റുകളിലേക്ക് മത്സരിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 84.3 മില്യണായി ഉയര്‍ന്നു. പത്തു ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് 2019ല്‍ ഉണ്ടായിരുന്നത്. അത് 2014ല്‍ ഒമ്പത് ലക്ഷമായിരുന്നു. 2014ല്‍ എട്ടു നിയോജക മണ്ഡലങ്ങളില്‍ വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിച്ചപ്പോള്‍ എല്ലാ മണ്ഡലങ്ങളിലും 2019ല്‍ വിവിപാറ്റുകള്‍ വിന്യസിച്ചു. ഇതെല്ലാം തെരഞ്ഞെടുപ്പ് ചെലവ് വൻ തോതിൽ വർധിക്കാൻ കാരണമായി.
ചെലവ് കുറയ്ക്കണമെങ്കിൽ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട്. അടുത്തിടെ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയും സമാനമായ നിർദേശമാണ് നൽകിയത്. നിയമ നിർമാണം പൂർത്തിയായാൽ 2029 ഓടെ കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരുമിച്ചായിരിക്കും നടത്തുക. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഈ തീരുമാനത്തോട് നേരത്തെ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും വ്യത്യസ്ഥമായി വോട്ടിംഗ് രീതിയാണെന്നും സർക്കാറുകളുടെ വിലയിരുത്തലാണ് ഇടയ്ക്കിടെ വരുന്ന തെരഞ്ഞെടുപ്പുകളെന്നാണ് ഒരു വാദം. രാജ്യ തലസ്ഥാനത്ത് മുഴുവൻ ലോക്സഭ സീറ്റിലും ബിജെപി വിജയിക്കുമ്പോഴും സംസ്ഥാന ഭരണം എഎപിക്കാണ് ലഭിക്കുന്നത്. കേരളത്തിൽ 2019ൽ 20ൽ 19 ലോക്സഭ സീറ്റും യുഡിഎഫ് നേടിയെങ്കിലും 2021 നിയമസഭ തെരഞ്ഞെടുപ്പിൽ 140ൽ 99 സീറ്റും നേടിയത് ഇടത് മുന്നണിയാണ്. തെരഞ്ഞെടുപ്പിലെ ഈ വൈരുദ്ധ്യമാണ് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്.