പട്ന: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടറിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ. ബിഹാറിലെ സമസ്തിപുരിൽ ശനിയാഴ്ചയാണ് സംഭവം. പരിശോധനക്കെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു.
പ്രതിപക്ഷത്തോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുദ്ദേശ്യപരമായ പെരുമാറ്റമാണ് ഇത് വെളിവാക്കുന്നതെന്ന് ബിഹാറിലെ കോൺഗ്രസ് വക്താവ് രാജേഷ് റാത്തോർ പറഞ്ഞു. പരിശോധനയുടെ വീഡിയോയും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘രാഹുൽ ഗാന്ധിക്ക് പിറകെ ഇപ്പോൾ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടറും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും പരിശോധിച്ചിരിക്കുന്നു. പ്രതിപക്ഷത്തോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുദ്ദേശ്യപരമായ പെരുമാറ്റമാണ് ഇത് വെളിവാക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്’ – രാജേഷ് റാത്തോർ പറഞ്ഞു.
എൻ.ഡി.എ നേതാക്കളുടെ ഹെലികോപ്ടറുകളിലും ഇത്തരത്തിൽ പരിശോധന നടത്തുന്നുണ്ടോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം. അത്തരം വിവരങ്ങൾ പരസ്യമാക്കണം. അല്ലാത്തപക്ഷം അത് പ്രതിപക്ഷ നേതാക്കളെ തടയാൻ ലക്ഷ്യമിടുന്നുവെന്നും എൻ.ഡി.എ നേതാക്കളെ സ്വതന്ത്രമായി പോകാൻ അനുവദിക്കുന്നുവെന്നുമുള്ള രീതിയിൽ വ്യാഖ്യാനിക്കപ്പെടുമെന്നും രാജേഷ് റാത്തോർ കൂട്ടിച്ചേർത്തു.