


ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വെളിപ്പെടുത്തലിൽ മറുപടിയുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിവാദങ്ങളോട് പ്രതികരിച്ചത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്നും കമ്മീഷന് ഭരിക്കുന്ന പാർട്ടി എന്നോ പ്രതിപക്ഷ പാർട്ടിയെന്നോ വേർതിരിവില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. വോട്ട് മോഷണം നടന്നു എന്ന ആക്ഷേപം തള്ളിയ കമ്മീഷന് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ വോട്ടര്‍മാരുടെ സ്വകാര്യത ലംഘിക്കുന്നതാണെന്നും കുറ്റപ്പെടുത്തി.
വോട്ടർ പട്ടിക പുതുക്കൽ വേണ്ടിയാണ് എസ്ഐആർ നടത്തുന്നത്. വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് പക്ഷഭേദമില്ലെന്നും കമ്മീഷന് അതിന്റെ ഭരണഘടനാപരമായ കടമയില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിശദീകരിച്ചു. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്‍ക്കുന്നത്. കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കുമെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു.