ന്യൂഡൽഹി: വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ കേന്ദ്രസർക്കാർ നടത്താൻ നിശ്ചയിച്ചിരുന്ന “രഥ് പ്രഭാരി’ യാത്രയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതുകൂടാതെ കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുനപരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
സർക്കാർ ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗട്ട്, മിസോറം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ പെരുമാറ്റചട്ടം ഇതിനകം നിലവിൽ വന്നു. പെരുമാറ്റചട്ടം നിലവിൽ വന്ന സ്ഥലങ്ങളിൽ ഡിസംബർ അഞ്ചുവരെ യാതൊരുവിധത്തിലുള്ള പ്രവർത്തനങ്ങളും പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തെ അറിയിച്ചു. ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ‘ജില്ലാ രഥ് പ്രഭാരി’ ആയി നിയമിക്കാൻ കേന്ദ്രം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.