തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനാവശ്യപ്പെട്ട് ഡൽഹിയിൽ ചുവരെഴുത്തുകൾ പ്രതിക്ഷപ്പെട്ടു. ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളും ഹരിയാനയും നാളെ ലോക്സഭാ ഇലക്ഷനിൽ പോളിങ്ങിന് തയ്യാറെടുക്കുമ്പോഴാണ് ഈ ചുവരെഴുത്തുകൾ വന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക, നക്സലിസത്തെ പുകഴ്ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഡൽഹി യൂണിവേഴ്സിറ്റി ഏരിയയിൽ ഒന്നിലധികം സ്ഥലങ്ങളിൽ ചുവരുകളിൽ തളിച്ചതായി കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രണ്ട് എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ പട്രോളിങ്ങിനിടെയാണ് പ്രദേശത്ത് എഴുതിയ മുദ്രാവാക്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്നാണ് പൊലീസ് ഭാഷ്യം. ‘തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കൂ, പുതിയ ജനാധിപത്യത്തിൽ ചേരൂ’, ‘നക്സൽബാരി നീണാൾ വാഴട്ടെ ‘ തുടങ്ങിയ മുദ്രാവാക്യങ്ങൾ സർവകലാശാലാ ചുമരുകളിലും പൊലീസ് ബാരിക്കേഡുകളിലും എഴുതിയിരുന്നു. സ്വയം പ്രഖ്യാപിത യുവജന സംഘടനയായ ഭഗത് സിംഗ് ഛത്ര ഏകതാ മഞ്ച് (ബിഎസ്സിഇഎം) മുദ്രാവാക്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.യൂണിവേഴ്സിറ്റി ചുവരുകളിൽ എഴുതിയ മുദ്രാവാക്യങ്ങളുടെ ഫോട്ടോകൾ BSCEM അതിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തു.