കൊച്ചി : പുതുസീസണിലെ ഏലയ്ക്കയുടെ വിലക്കയറ്റത്തിൽ പ്രതീക്ഷയോടെ കർഷകർ. മൂന്നക്കത്തിലേക്ക് കൂപ്പുകുത്തിയ വില പടിപടിയായി ഉയർന്ന് മൂന്നുമാസത്തിനിപ്പുറം 1700 രൂപ കടന്നു. ഓഫ് സീസണിനേക്കാൾ ഉയർന്ന വിലയാണിപ്പോൾ സീസണിൽ ലഭിക്കുന്നത്.
വെള്ളിയാഴ്ച മാസ് എന്റർപ്രൈസസിന്റെ ഇ ലേലത്തിൽ 1743.53 രൂപയാണ് ശരാശരി വില. 308 ലോട്ടുകളിലായി എത്തിയ 84,028 കിലോയിൽ 81,125 കിലോയും വിറ്റുപോയി. ഉയർന്ന വില 2560 രൂപ. രണ്ടാമത് നടന്ന കുമളി സ്പൈസ് മോർ ട്രേഡിങ് കമ്പനിയുടെ ലേലത്തിൽ ശരാശരി വില 1676.39 രൂപയും ഉയർന്ന വില 2263 രൂപയുമാണ്. 204 ലോട്ടുകളിലായി എത്തിയ 51,934 കിലോയിൽ 49,095 കിലോ ഏലയ്ക്കയും വിറ്റു.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ ഉൽപ്പാദനക്കുറവാണ് വിലക്കയറ്റത്തിന് കാരണം. ഈയാഴ്ച വിളവെടുക്കുന്നവർക്കും ഏലയ്ക്ക സ്റ്റോക്കുള്ളവർക്കും ഇപ്പോഴത്തെ വില വർധന പ്രയോജനപ്പെടും. ഒരുമാസത്തിനുള്ളിൽ വില 2000 കടക്കുമെന്നാണ് പ്രതീക്ഷ. പശ്ചിമേഷ്യൻ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചതും വിലയിലെ മുന്നേറ്റത്തിന് കാരണമായി.
പുതിയ സീസണിലെ ചെറിയതോതിലുള്ള വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഈമാസം അവസാനവും സെപ്തംബറിലുമാണ് പ്രധാന വിളവെടുപ്പ്. ഇതിന് മുന്നോടിയായുള്ള വളമീടിൽ സമയങ്ങളിൽ മഴയും ലഭിക്കണം.