കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രി തുടര്‍ച്ചയായി അധികാരത്തില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലെത്തിയിട്ട് മെയ് 20ന് എട്ടുവര്‍ഷം തികഞ്ഞു. കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കും ഇന്നേവരെ ലഭിക്കാത്ത അതുല്യമായ നേട്ടത്തിനുടമയാവുകയാണ് പിണറായി. 1970ല്‍ കൂത്തുപറമ്പില്‍ നിന്നും ആയിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 77ലും കൂത്തുപറമ്പില്‍ നിന്നും ജയിച്ചു. ഇതിനിടയില്‍ അടിയന്തിരാവസ്ഥക്കാലത്ത് പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയാവുകയും ഒന്നരവര്‍ഷം ജയിലിലാവുകയും ചെയ്തു.
അതിനുശേഷം പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ശക്തമായപ്പോള്‍ പിണറായി വിജയന് അല്‍പ്പകാലത്തേക്ക് ഒതുക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ കാലം തെളിയുന്നത് എംവി രാഘവന് പാര്‍ട്ടിക്കുള്ളില്‍ ബദല്‍ രേഖാ വിവാദം ഉയര്‍ത്തിയപ്പോഴാണ്. എംവിആറിനെ കണ്ണൂരില്‍ നേരിടാന്‍ അദ്ദേഹത്തിന്റെയത്രയും തലപ്പൊക്കമുള്ള ഒരു നേതാവ് വേണമെന്ന തിരിച്ചറിവ് പാര്ട്ടിക്കുണ്ടായപ്പോഴാണ് പിണറായി വിജയന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച എംവിആറിന് മുന്നില്‍ കണ്ണൂരിലെ പാര്‍ട്ടിയെ സഹ്യപര്‍വ്വതം പോലെ നിലനിര്‍ത്താന്‍ പിണറായിക്കു കഴിഞ്ഞു. അതോടെയാണ് സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളില്‍ പ്രബലനായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. 91ല്‍ കൂത്തുപറമ്പില്‍ നിന്നും 96ല്‍ പയ്യന്നൂരില്‍ നിന്നും വീണ്ടും എംഎല്‍എആയി. 96ലെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയുമായി.
ചടയന്‍ ഗോവിന്ദന് അന്തരിച്ചപ്പോള്‍ 1998ല്‍ പിണറായി വിജയനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ വിഎസ് തീരുമാനിച്ചതോടെയാണ് ചരിത്രം വഴിമാറിയത്. തന്ത്രശാലിയും ബുദ്ധിമാനുമായ പിണറായി വിഎസിനൊപ്പം ചേര്‍ന്ന് സിപിഎമ്മില്‍ അതിശക്തമായിരുന്ന സിഐടിയു വിഭാഗത്തെ ഒതുക്കുകയും അതുവഴി പാര്‍ട്ടിയില്‍ തനിക്കെതിരെ ഉയരുമായിരുന്ന ആദ്യത്തെ വെല്ലുവിളി ഇല്ലാതാക്കുകയും ചെയ്തു. താന്‍ വളര്‍ത്തിയെടുത്ത പിണറായി തനിക്ക് മേല്ചായുമെന്ന് കണ്ടപ്പോള്‍ വെട്ടിക്കളയാന്‍ അച്യുതാനന്ദന് തീരുമാനിച്ചു. അതാണ് സിപിഎമ്മില്‍ രണ്ട് ദശാബ്ദം നീണ്ട വിഎസ് – പിണറായി വിഭാഗീയതക്ക് തുടക്കം കുറിച്ചത്. ലാവ്ലിന് ഇടപാടിലെ അഴിമതിയാരോപണങ്ങളുമായി പിണറായിയെ വട്ടം ചുറ്റിക്കാന്‍ വിഎസിനു സാധിച്ചെങ്കിലും പാര്‍ട്ടിക്കുമേലുള്ള തന്റെ പിടി അദ്ദേഹം കൂടുതല്‍ ഉറപ്പിച്ചുകൊണ്ടിരുന്നു.
2011ല്‍ കേവലം ഒരു സീറ്റിന് വിഎസ് അച്യുതാനന്ദന് ഭരണം നഷ്ടപ്പെട്ടതിന് ശേഷം പാര്‍ട്ടി പൂര്‍ണ്ണമായും പിണറായിയുടെ കയ്യില്‍ ഒതുങ്ങി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ വിജയം നേടിയപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് മറ്റാരുടെയും പേര് ഉയര്ന്നുവരാനില്ലായിരുന്നു. സോഷ്യല്‍ എഞ്ചിനീയറിങ്ങില്‍ അഗ്രഗണ്യനായ പിണറായി വിജയന് കേരളത്തിലെ ന്യുനപക്ഷ- പിന്നോക്ക വിഭാഗങ്ങളുടെ ഒരു കണ്സോളിഡേഷന് തനിക്ക് അനുകൂലമായി സൃഷ്ടിച്ചെടുത്തു. ശരിക്കും യുഡിഎഫിനെ അപ്രസക്തമാക്കിയത് പിണറായിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് തന്നെയായിരുന്നു. ഒരു പക്ഷെ ഇഎംഎസിന് പോലും ഇത്തരത്തിലൊരു കേരളത്തില്‍ സാമൂഹികാവസ്ഥ സൃഷ്ടിക്കാനോ അതിന്റെ രാഷ്ട്രീയ ഫലം കൊയ്യാനോ കഴിഞ്ഞിരുന്നില്ല. 2021ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് രണ്ടാം തവണയും പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായി.
ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി എന്ന റിക്കാര്‍ഡ് ഇപ്പോള്‍ ഇകെ നയനാര്‍ക്ക് അവകാശപ്പെട്ടതാണ്. പത്ത് വര്‍ഷവും പത്തുമാസവുമാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായതിന്റെ റിക്കാര്‍ഡ് കെ കരുണാകന്റെ പേരിലാണ്. നാല് തവണ. തുടര്‍ഭരണം കിട്ടിയ ആദ്യ മുഖ്യമന്ത്രി സി അച്യുതമേനോനായിരുന്നു. എന്നാല്‍ അവരെയെല്ലാം നിഷ്പ്രഭരാക്കിക്കൊണ്ട് എന്ന് പറഞ്ഞാലും തെറ്റില്ല തുടര്‍ച്ചയായി എട്ടുവര്‍ഷം മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ പിണറായി വിജയന് മാത്രമേ കഴിഞ്ഞുള്ളു. പാര്‍ട്ടിയെ സമ്പൂര്‍ണ്ണമായി തന്റെ കയ്യിലൊതുക്കാന്‍ പിണറായിക്കു കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. ഇഎംഎസ് അടക്കം ഒരു കമ്യുണിസ്റ്റു മുഖ്യമന്ത്രിക്കും അത് സാധിച്ചിരുന്നില്ല. കമ്യൂണിസ്റ്റു മുഖ്യമന്ത്രിമാര്‍ എപ്പോഴും പാര്‍ട്ടിക്ക് വിധേയരായി പ്രവര്‍ത്തിക്കുന്നതാണ് കീഴ്വഴക്കം. എന്നാല്‍ ഇവിടെ പിണറായിയും പാര്‍ട്ടിയും ഒന്നു തന്നെയായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ പിണറായി വിചാരിക്കുന്നതെന്തോ അതാണ് പാര്‍ട്ടിയുടെ നയമായി പുറത്ത് വരുന്നത്.
എന്നാല്‍ എട്ടുവര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടും പാര്‍ട്ടിയുടെ അവസാനവാക്കായിരുന്നിട്ടും കേരളത്തിന്റെ സമഗ്രമായ വികസനത്തിനായി പിണറായി വിജയന് സര്‍ക്കാരിന്റെ സംഭാവന എന്തെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം പറയാന്‍ കഴിയുന്നില്ലെന്നതാണ് സത്യം. തകര്‍ന്നടിയുന്ന സാമ്പത്തിക സ്ഥിതിയും ഓരോ ദിവസവും നൂറുക്കണക്കിന് ചെറുപ്പക്കാര്‍ കേരളം വിടുന്നതും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദൗര്‍ബല്യങ്ങളുമാണ് ഭരണത്തിന്റെ ആകെത്തുകയെന്ന് വിലയിരുത്തുന്നവരുണ്ട്. ഏതായാലും ഒരു കാര്യമുറപ്പാണ്. ഇനി കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തില്‍ പിണറായി വിജയനെപ്പൊലൊരു നേതാവുണ്ടാകില്ല. സിപിഎമ്മിന്റെ അവസാനത്തെ കരുത്തനായ നേതാവാണ് പിണറായി വിജയന് എന്ന് നിസംശയം പറയാം.