ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് നിയമോപദേശം. കേസില്‍ തുടർനീക്കം എന്തായിരിക്കുമെന്ന് നിയമവിദഗ്ധരുമായി ആലോചിക്കുകയാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു വീണ്ടും കേജരിവാളിന് നോട്ടീസ് നല്‍കുമെന്നും സൂചനയുണ്ട്.
അതേസമയം ഇഡി നിയമപരമായി സമൻസ് നൽകിയാൽ കെജരിവാൾ ഹാജരാകുമെന്നാണ് എഎപി നിലപാട്. ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സാക്ഷിയെയാണോ പ്രതിയെയാണോ എന്ന് നോട്ടീസിൽ വ്യക്തമാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. ഇഡിയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കമുണ്ടായാൽ പ്രതിഷേധത്തിന് തയാറായിരിക്കാനാണ് പ്രവർത്തകർക്കുള്ള നിർദേശം. അതിനിടെ, ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ലഫ്റ്റനന്റ് ഗവർണർക്കെതിരേ എഎപി രംഗത്തെത്തി. അഴിമതി നടത്തിയത് കേന്ദ്ര സർക്കാർ നിയമിച്ച ഉദ്യോഗസ്ഥരാണെന്നും ആരോഗ്യ സെക്രട്ടറിക്കെതിരേ എന്തുകൊണ്ട് അന്വേഷണമില്ലെന്നും ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.