തൃശൂര്‍: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ എൻഫോഴസ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. അടുത്ത മാസം ഒന്നാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി വർഗീസിനോട് ആവശ്യപ്പെട്ടു.
വര്‍ഗീസിനെ ഇന്നലെ ഇ.ഡി ഒന്‍പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ പാർലമെന്ററി കമ്മിറ്റിയുടെ പങ്ക് സംബന്ധിച്ച വിവരങ്ങളാണ് ഇ.ഡി ഇദ്ദേഹത്തില്‍ നിന്ന് ശേഖരിച്ചത്. കരുവന്നൂർ തട്ടിപ്പിൽ ആദ്യം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സി.പി.എം അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഇതിലെ കണ്ടെത്തലുകളും നടപടികളും ഇ.ഡി ചോദിച്ചറിഞ്ഞിട്ടുണ്ട്.