കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കെന്ന് ആവർത്തിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്നു ഇഡി കോടതിയിൽ വ്യക്തമാക്കി. ശബ്ദ രേഖകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.
കള്ളപ്പണം വെളുപ്പിക്കാൻ അരവിന്ദാക്ഷൻ കൂട്ടു നിന്നു. കള്ളപ്പണം വെളുപ്പിക്കാൻ നിർണായക കണ്ണിയായി നിന്നു അരവിന്ദാക്ഷൻ കമ്മീഷനും കൈപ്പറ്റി. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ എതിർത്ത് ഇഡി കോടതിയിൽ അറിയിച്ചതാണ് ഇക്കാര്യം.
എന്നാൽ അരവിന്ദാക്ഷന്റെ അക്കൗണ്ടിലുള്ളത് കള്ളപ്പണം അല്ല. ക്വാറി, ഹോട്ടൽ ബിസിനസിൽ നിന്നു കിട്ടിയ വരുമാനമാണെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ വാദം.
തെളിവായി അരവിന്ദാക്ഷന്റെ ഫോൺ സംഭാഷണം സമർപ്പിക്കാൻ ഇഡി ശ്രമിച്ചു. എന്നാൽ ഇതു ചട്ട ലംഘനമാണെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി. പിന്നാലെയാണ് കോടതി രേഖകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ നിർദ്ദേശിച്ചത്.
അരവിന്ദാക്ഷന്റെ ജാമ്യ ഹർജിയിൽ ഈ മാസം 25നു കോടതി ഉത്തരവിറക്കും. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും അരവിന്ദാക്ഷനു ജാമ്യം നൽകരുതെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കുറ്റപത്രം ഒരുങ്ങുകയാണെന്നും ഇഡി വ്യക്തമാക്കി. തട്ടിപ്പിൽ അറസ്റ്റിലായ പി സതീഷ് കുമാർ, പിപി കിരൺ, പിആർ അരവിന്ദാക്ഷൻ, സികെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രം ഈ മാസം 30നുള്ളിൽ സമർപ്പിക്കാനാണ് ഇഡി ഒരുങ്ങുന്നത്.