ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിന് പിന്നാലെ ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട അന്വേഷണത്തിനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതായി ഡൽഹി മന്ത്രിയും ആപ്പ് നേതാവുമായ അതിഷി അറിയിച്ചു. ‘ഇന്നലെ വൈകുന്നേരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ.ഡി പുതിയ സമൻസ് ലഭിച്ചു. ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സമൻസ്. ഈ വിഷയത്തിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിനെക്കുറിച്ച് തങ്ങൾക്ക് വിവരമില്ല. വ്യാജ കേസിലാണ് അരവിന്ദ് കെജ്രിവാളിനെ വിളിപ്പിച്ചിരിക്കുന്നത്’ -അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് അദ്ദേഹത്തെ തടയാനാണ് പ്രധാനമന്ത്രിയും ഇ.ഡിയും സി.ബി.ഐയും ലക്ഷ്യമിടുന്നത്. ഇതിനായി തുടർച്ചയായി സമൻസ് അയക്കുന്നു. കോടതി വിധിക്കായി കാത്തിരിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. കെജ്രിവാളിനെ ജയിലിൽ അടക്കാനാണ് ബി.ജെ.പി നീക്കമെന്നും അതിഷി കൂട്ടിച്ചേർത്തു.അതേസമയം, മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന് വീണ്ടും ഇ.ഡി സമൻസ് അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകണമെന്നാണ് നിർദേശം. ഈ കേസിലെ ഒമ്പതാമത്തെ സമൻസാണിത്.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിന് കഴിഞ്ഞദിവസം മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഡൽഹി റേസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ബോണ്ടിന് പുറമെ ഒരു ലക്ഷം രൂപയുടെ ആൾജാമ്യവും കെജ്രിവാൾ നൽകണം. കെജ്രിവാൾ കോടതിയിൽ നേരിട്ട് ഹാജരാവുകയായിരുന്നു. കേസ് ഏപ്രിൽ ഒന്നിന് വീണ്ടും പരിഗണിക്കും.