കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ എ.സി. മൊയ്തീൻ എംഎൽഎയ്ക്കു വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. സെപ്റ്റംബർ 11ന് കൊച്ചിയിലെ ഇഡി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ്.
ഇത് മൂന്നാം തവണയാണ് ഇഡി മൊയ്തീന് നോട്ടീസ് അയക്കുന്നത്. രണ്ട് തവണയും അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരായില്ല. പാർട്ടി നിർദേശത്തെ തുടർന്നാണ് മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നാണ് സൂചന. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് മൊയ്തീനോട് ചോദ്യം ചെയ്യലിനു ഹാജരാകേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുള്ളത്.
നിലവിലെ സാഹചര്യത്തില്‍ കേസില്‍ മൊയ്തീനെ പ്രതിചേര്‍ക്കാനോ അറസ്റ്റ് ചെയ്യാനോ കഴിയില്ലെന്നാണ് നിയമോപദേശം. മൊയ്തീന്റെയും ഭാര്യയുടെയും കണ്ടുകെട്ടിയ 28 ലക്ഷം രൂപയ്ക്ക് സ്രോതസുമുണ്ട്. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം സി.കെ. ചന്ദ്രന്, ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീം, ബാങ്ക് സെക്രട്ടറി സുനില്‍കുമാര്‍ എന്നിവരെയും കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണ വ്യാപാരി അനില്‍ സേഠും ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകിയാണ് അവസാനിച്ചത്. ഇതിനുശേഷമാണ് പി. സതീഷ്കുമാര്‍, പി.പി. കിരണ്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.