ന്യൂഡൽഹി: ഒഡീഷയിലെ പ്രമുഖ കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ ധീരജ് പ്രസാദ് സാഹുവുമായി ബന്ധമുള്ള ഡിസ്റ്റിലറി സ്ഥാപനങ്ങളിൽനിന്ന് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 300 കോടിയോളം രൂപ. നോട്ടെണ്ണൽ തുടരുകയാണ്. ഇതോടെ സാഹു ഒളിവിൽപ്പോയി.
മുപ്പതോളം സ്ഥലങ്ങളിലാണ് ഒരേസമയം ആദായനികുതിവകുപ്പ് റെയ്ഡ് നടത്തുന്നത്. ശനി വൈകിട്ടുവരെ 290 കോടി രൂപ എണ്ണി തിട്ടപ്പെടുത്തി. രാത്രി വൈകിയും നാൽപ്പതോളം നോട്ടെണ്ണൽ യന്ത്രങ്ങളുടെ സഹായത്തോടെ പണം എണ്ണി തിട്ടപ്പെടുത്തൽ തുടർന്നു. മറ്റ് സ്ഥലങ്ങളിലും പണം പൂഴ്ത്തിവച്ചിട്ടുണ്ടെന്നാണ് വിവരം. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പണവേട്ടയായി ഇത് മാറാനും സാധ്യതയുണ്ട്.
എംപിയുടെ ജാർഖണ്ഡിലെ വീട്ടിൽനിന്ന് പണംനിറച്ച മൂന്ന് ബാഗും ഡിസ്റ്റിലറി ഫാക്ടറി നടത്തിപ്പുകാരനായ ബണ്ടി സാഹുവിന്റെ വീട്ടിൽനിന്ന് ഇരുപതോളം ബാഗുംകൂടി കണ്ടെത്തി. എണ്ണിത്തിട്ടപ്പെടുത്തിയ 176 ബാഗ് പണം ഒഡീഷയിലെ ബലംഗീറിലെ എസ്ബിഐ ബാങ്കിലേക്ക് മാറ്റി. ബലംഗീർ ജില്ലയിലെ ഡിസ്റ്റിലറി കെട്ടിടത്തിലെ അലമാരയിൽനിന്നും സംബൽപുർ, ഭുവനേശ്വർ, സുന്ദർഗഡ്, റൂർക്കേല എന്നിവിടങ്ങളിൽനിന്നുമാണ് അലമാരകളിൽ കെട്ടുകെട്ടായി ഒളിപ്പിച്ചനിലയിൽ വൻതോതിൽ പണം പിടിച്ചത്.
2010 മുതൽ ജാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗമാണ് ധീരജ് പ്രസാദ് സാഹു. ബൗദ് ഡിസ്റ്റിലറീസ് ഗ്രൂപ്പ്, അവരുടെ തന്നെ ബൽദേവ് സാഹു ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി നേരിട്ട് ബന്ധമുണ്ടെന്നുമാണ് വിവരം.