കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര് അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമെന്ന് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. രണ്ട് അക്കൗണ്ടുകളിലായുള്ള നിക്ഷേപത്തിന്റെ രേഖകള്‍ ലഭിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കി. അതിനിടെ കേസില്‍ അറസ്റ്റിലായ അരവിന്ദാക്ഷനെയും മുന്‍ അക്കൗണ്ടന്റ് ജില്‍സിനെയും റിമാന്‍ഡ് ചെയ്തു.
പി ആര് അരവിന്ദാക്ഷന് എതിരെ ഗുരുതര ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി ഉന്നയിച്ചത്. ജനപ്രതിനിധി എന്ന നിലയിലുള്ള ഓണറേറിയത്തിന് അപ്പുറത്ത് വലിയ തുകയാണ് അക്കൗണ്ടില്‍ വന്നത്. ഒന്നാം പ്രതി സതീഷ് കുമാറിന് തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍ 50 ലക്ഷം രൂപയാണ് അരവിന്ദാക്ഷന്റെ പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. സതീഷിന്റെ അക്കൗണ്ടില്‍ നിന്നാണ് വലിയ തുക അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക് പോയത്്. സതീഷിന് തട്ടിപ്പിലൂടെ കിട്ടിയ പണമാണ് എന്ന് അറിഞ്ഞ് കൊണ്ടാണ് അരവിന്ദാക്ഷന് ഇതിന് കൂട്ടുനിന്നത്.സതീഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സതീഷും അരവിന്ദാക്ഷനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അരവിന്ദാക്ഷന് അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഇഡി കുറ്റപ്പെടുത്തി. ആദായനികുതി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മറച്ചുവെച്ചു.ധനലക്ഷ്മി, പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ഒളിപ്പിച്ചത്.2015- 17 കാലത്ത് ഈ അക്കൗണ്ടിലൂടെ വന്‍ ഇടപാടുകള്‍ നടന്നതായും ഇഡി ആരോപിക്കുന്നു. അരവിന്ദാക്ഷന് ഉന്നത രാഷ്ട്രീയ ബന്ധം ഉണ്ട്. കൂടാതെ ബാങ്ക് തട്ടിപ്പില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി ആരോപിക്കുന്നു.
ഒന്നാം പ്രതി സതീഷ് കുമാര്‍ അരവിന്ദാക്ഷന്റെ പേരില്‍ ബിനാമി സ്വത്തുകള്‍ വാങ്ങി. ഈ വിവരങ്ങള്‍ അരവിന്ദാക്ഷന് കൈമാറിയില്ലെന്നും അരവിന്ദാക്ഷന് സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും ഇഡി ആരോപിക്കുന്നു.