കൊച്ചി : സിഎംആർഎൽ -എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന്റെ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതിനുള്ള ചോദ്യാവലി അന്വേഷണ സംഘം തയാറാക്കി. സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമായിരിക്കും വീണ വിജയന്റെ മൊഴി രേഖപ്പെടുത്തുക.
വീണാ വിജയന്റെ ആദ്യഘട്ട മൊഴി രേഖപ്പെടുത്തൽ രണ്ടാഴ്ച മുൻപ് ഇ.ഡിയുടെ ചെന്നൈ ഓഫിസിൽ പൂർത്തിയാക്കിയെന്ന റിപ്പോർട്ട് സ്ഥിരീകരിക്കാൻ കൊച്ചിയിലെ അന്വേഷണ സംഘം തയാറായില്ല. ഇ.ഡി ന്യൂഡൽഹി യൂണിറ്റിൽ ജോലി ചെയ്യുന്ന മലയാളി ഉദ്യോഗസ്ഥൻ വീണാ വിജയനെ ചെന്നൈ ഓഫിസിൽ വിളിച്ചു വരുത്തി മൊഴിയെടുത്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഐടി സർവീസ് കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്കു സിഎംആർഎലിന്റെ അക്കൗണ്ടിൽ നിന്ന് 1.72 കോടി രൂപ പലപ്പോഴായി നിക്ഷേപിച്ചതു സംബന്ധിച്ച അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. എട്ടോളം കമ്പനികളിൽനിന്ന് എക്സാലോജിക് കമ്പനിക്കു പണം ലഭിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം കമ്പനി നിയമപ്രകാരം കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്ഐഒ) നടത്തുന്നുണ്ട്. ഇതിനിടയിലാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇ.ഡിയും അന്വേഷണം തുടങ്ങിയത്.