ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ വീട് ഉള്‍പ്പടെ ഒന്‍പത് സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഇന്ന് രാവിലെ ഏഴ് മുതലാണ് പരിശോധന ആരംഭിച്ചത്. പൊന്മുടിയുടെ മകനും ലോക്സഭാ എംപിയുമായ ഗൗതം സിഗമണിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഗൗതമസിഗമണിയുടെ 8.6 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന. മന്ത്രിയുടെ മകൻ നടപടിക്രമങ്ങൾ പാലിക്കാതെ വിദേശത്തുനിന്ന് പണം ഉൾപ്പെടെ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. അഴിമതി കേസുമായി ബന്ധപ്പെട്ട് പൊന്മുടിക്കെതിരെയുള്ള നടപടി ക്രമങ്ങൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ, സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിൽ മന്ത്രി വി.സെന്തിൽ ബാലാജിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇഡി അറസ്റ്റ് ചെയ്ത സെന്തിലിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ ബൈപാസ് ശസ്ത്രക്രിയയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ് അദ്ദേഹം. ഇതിനിടെ മന്ത്രിക്കെതിരെ കോഴക്കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ചും കേസെടുത്തിരുന്നു.