ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫിസില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. സെന്തില്‍ ബാലാജിയുടെ ചെന്നൈയിലുള്ള വസതിയിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിലേക്കും ഇഡി സംഘം എത്തിയത്.
രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സഹോദരന് വി.അശോകിന്റെ വീട്ടിലും ഇഡി സംഘമെത്തി പരിശോധന നടത്തിയിരുന്നു. മന്ത്രി പ്രഭാതനടത്തത്തിന് പുറത്തുപോയ സമയത്താണ് ഇഡി സംഘം വീട്ടിലെത്തിയത്. ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രി ആയിരുന്നപ്പോള്‍ കോഴ വാങ്ങി നിയമനം നടത്തിയെന്ന കേസിലാണ് പരിശോധന നടത്തിയത്. സെന്തില്‍ ബാലാജി മുന്‍പ് എഐഡിഎംകെയില്‍ ആയിരുന്നു.
ബാലാജിക്ക് എതിരായ അന്വേഷണം നടത്താന്‍ ഇഡിക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. നേരത്തെ, ബാലാജിക്ക് എതിരെ ഇന്‍കം ടാക്സ് വകുപ്പും അേേന്വഷണം ആരംഭിച്ചിരുന്നു. ഇഡി പരിശോധനയ്ക്ക് എതിരെ ഡിഎംകെ രംഗത്തെത്തി. സംസ്ഥാനത്ത് ഡിഎംകെ നേതാക്കള്‍ക്കുള്ള ജനസ്സമ്മതി ഇഷ്ടപ്പെടാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ പാര്‍ട്ടിക്ക് എതിരെ ദുരുപയോഗം ചെയ്യുന്നതെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആര് എസ് ഭാരതി പറഞ്ഞു.