കൊച്ചി : മോന്സന് മാവുങ്കല്‍ പുരാവസ്തു തട്ടിപ്പു കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നടപടി തുടങ്ങി. മോണ്‍സന്റെ മൂന്ന് ജീവനക്കാരില്‍ നിന്ന് ഇ ഡി മൊഴിയെടുത്തു. സുധാകരന് ഇ ഡി നോട്ടീസ് നല്‍കും.
കെ സുധാകരന് എതിരെ ക്രൈം ബ്രാഞ്ചിന് മൊഴി നല്കിയ മോന്‍സന്റെ ജീവനക്കാരായിരുന്ന അജി, ജോഷി, ജെയ്സണ്‍ എന്നിവരില്‍ നിന്നും ഇ ഡി വിവരങ്ങള്‍ തേടിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന പരാതിയിലുള്ള 2018 നവംബര്‍ 22ന് ഉച്ചക്ക് രണ്ട് മണിക്ക് മോണ്‍സന്റെ വീട്ടില്‍ കെ സുധാകരന്റെ സാന്നിധ്യം ഇ ഡി ശാസ്ത്രീയമായി തെളിയിച്ചു കൊണ്ട് സുധാകരനെതിരെ കുരുക്കു മുറുക്കാനാണ് ഇ ഡി നീക്കം. പുരാവസ്തു തട്ടിപ്പില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പ്രാഥമികമായി അന്വേഷിക്കുന്നത്. അന്നെടുത്ത ഫോട്ടോകള്‍ ഗാഡ്ജറ്റുകളില്‍ നിന്നും സൈബര്‍ ഫോറന്‍സിക്ക് വഴി ക്രൈം ബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് സുധാകരന് അറിയിച്ചിരുന്നു പത്ത് ദിവസത്തെ സാവകാശമാണ് അദ്ദേഹം തേടിയത്. ഇതോടെ, ജൂണ്‍ 23ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് പുറപ്പെടുവിച്ചു. കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളും കെ സുധാകരന് ആരംഭിച്ചിട്ടുണ്ട്.