ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉള്‍പ്പെടെ എഎപി നേതാക്കള്‍ 100 കോടി കൈപ്പറ്റിയെന്ന് ഇഡി. ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയില്‍ നിന്നാണ് തുക കൈപ്പറ്റിയത്. കവിതയ്ക്ക് മദ്യവ്യവസായികള്‍ നല്കിയ തുകയാണ് എഎപി കൈപ്പറ്റിയത്.
മദ്യനയം തയ്യാറാക്കുന്ന ഗൂഢാലോചനയിലും കെജ്രിവാള് പങ്കെടുത്തെന്ന് ഇഡി ആരോപിക്കുന്നു. കെജ്രിവാള് തങ്ങള്‍ അയച്ച സമന്‍സ് നിരന്തരം അവഗണിച്ചെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കും. കെജ്രിവാളിനെ ഇഡി ചോദ്യം ചെയ്യുകയാണ്. ഇഡി അഡീഷണല്‍ ഡയറക്ടര്‍ കപില്‍ രാജ് ആണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്. കെ കവിതയ്ക്കൊപ്പം ഇരുത്തിയും കെജ്രിവാളിനെ ചോദ്യം ചെയ്യും. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതും കപില്‍ രാജാണ്.