കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയെ ഇ.ഡി ചോദ്യം ചെയ്യുന്നു. കര്‍ത്തയുടെ ആലുവയിലെ വീട്ടിലെത്തിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍.
ശശിധരന് കര്‍ത്തയോട് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹം ഹാജരായില്ല. വീണാ വിജയന്റെ കമ്പനിയുമായി സിഎംആര്‍എല്ലിന്റെ ദുരൂഹ പണമിടപാട് സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.ഇതേത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നത്. സിഎംആര്‍എല്ലിന്റെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുകയെന്നതാണ് കര്‍ത്തയുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ ഇ.ഡി അറിയാന്‍ ശ്രമിക്കുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട പുറത്തുവരാത്ത അക്കൗണ്ട് വിവരങ്ങളോ ഉണ്ടെങ്കില്‍ അതും അറിയുകയെന്നതും മൊഴിയെടുക്കലില്‍ എന്‍ഫോഴ്സ്മെന്റ് ലക്ഷ്യമിടുന്നുണ്ട്.
മുമ്പ് രണ്ട് തവണയാണ് ശശിധരന് കര്‍ത്തയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.കഴിഞ്ഞ ദിവസം മൊഴിയെടുപ്പിനായി സി.എം.ആര്.എല്ലിലെ ഒരു വനിതയുള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഓഫീസില്‍ 24 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ 11-ഓടെ ഹാജരായ സി.എം.ആര്.എല്‍. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരില്‍നിന്നാണ് ചൊവ്വാഴ്ച രാവിലെ 11.30ന് ശേഷമാണ് മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്.