കൊച്ചി: ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ രാവിലെ മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ടോടെയാണ് അവസാനിച്ചത്.
സംഭവത്തില്‍ ഇഡി എംപിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണ്‍ 25ന് എംപിയുടെ വീട്ടിലും ഔദ്യാഗിക വസതിയിലും ഇഡി പരിശോധന നടത്തിയിരുന്നു. ആന്ത്രോത്തിലെ വീടിന് പുറമേ ഡല്‍ഹിയിലെ ഔദ്യോഗിക വസതി, എറണാകുളത്തെ വീട്, കോഴിക്കോട് ബേപ്പൂരുള്ള ഒരു സ്ഥാപനം എന്നിവിടങ്ങളിലുമായിരുന്നു പരിശോധന. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിരുന്നു.
ലക്ഷദ്വീപിലെ സഹകരണ മാര്‍ക്കറ്റിംഗ് ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി ചെയ്തതില്‍ ക്രമക്കേട് നടത്തിയെന്നാണ് കേസ്. 2016-17 കാലത്ത് സിബിഐ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡിയും നടപടികളിലേക്ക് നീങ്ങിയത്.