ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കി. ഡൽഹി റോസ് അവന്യു കോടതിയിലാണ് ഇഡി കെജ്രിവാളിനെ എത്തിച്ചത്. പത്തു ദിവസത്തെ കസ്റ്റഡിയാണ് ഇഡി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കള്ളപ്പണ നിരോധന നിയമപ്രകാരമാണ് കേസ് എന്നും കെജ്രിവാളാണ് ഈ അഴിമതിയുടെ മുഖ്യ സൂത്രധാരനെന്നും ഇഡി കോടതിയെ ധരിപ്പിച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവാണ് ഇ.ഡിക്ക് വേണ്ടി കോടതിയിൽ വാദിക്കുന്നത്. അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കേജ്രിവാൾ സൗത്ത് ഗ്രൂപ്പിൽ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണു ഇഡി കോടതിയിൽ പറഞ്ഞത്. ഡൽഹി മദ്യ നയ രൂപീകരണത്തിൽ കേജ്രിവാൾ നേരിട്ടു പങ്കാളിയായിരുന്നു. കോടികൾ കൈക്കൂലി വാങ്ങിയാണു നയം രൂപീകരിച്ചത്. കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു. കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചു. ഡൽഹി എക്സൈസ് നയം രൂപീകരിക്കാനുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു എങ്കിലും ഇതൊരു കടലാസു സമിതിയായിരുന്നു. കൈക്കൂലി നൽകിയവർക്കും കൂടുതൽ പണം നൽകിയവർക്കും ലൈസൻസ് നൽകി-ഇഡി കോടതിയെ ധരിപ്പിച്ചു. കെജ്രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വിയാണ് ഹാജരായത്. വൻ സുരക്ഷാവലയത്തിലാണ് കെജ്രിവാളിനെ റോസ് അവന്യൂ കോടതിയിൽ എത്തിച്ചത്.