കൊച്ചി : കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിന്റെ അന്വേഷണം സിപിഎം ഉന്നതരിലേക്ക്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ഈ മാസം 25നു ചോദ്യ ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇഡിയുടെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നോട്ടീസിൽ പറയുന്നു.
ബെനാമി ലോണുകൾ അനുവദിച്ചത് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നു മൊഴിയുണ്ട്. പാർലമെന്ററി കമ്മിറ്റികൾ പ്രത്യേകം മിനിറ്റ്സുകൾ സൂക്ഷിച്ചതായും ബാങ്കിലെ ഇടപാടുകൾ സംബന്ധിച്ച് ഉന്നത നേതൃത്വത്തിനു അറിവുണ്ടെന്നും മൊഴിയുണ്ടായിരുന്നു. കള്ളപ്പണ ഇടപാടിലെ ഉന്നത ബന്ധം സംബന്ധിച്ചു അന്വേഷണം തുടരുകയാണെന്നു നേരത്തെ ഇഡി വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ 55 പ്രതികളുടെ കുറ്റപത്രം ഇഡി സമർപ്പിച്ചിരുന്നു. പിന്നാലെയാണ് രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ സിപിഎം ഉന്നതരിലേക്കും അന്വേഷണം എത്തുന്നത്.