കൊച്ചി: ചൈനീസ് നിയന്ത്രണത്തിലുള്ള വാതുവെപ്പ്- വായ്പാ ആപ്പുകൾക്കെതിരായ നടപടി കടുപ്പിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് . കള്ളപ്പണം വെളുപ്പിക്കൽനിരോധന നിയമപ്രകാരം മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയെത്തുടർന്ന് 123 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചു. ഇത്തരം ആപ്പുകളിലൂടെ നിരവധിപേർ വഞ്ചിക്കപ്പെട്ടതായി ആരോപണം ഉയർന്നതിന് പിന്നാലെയാണ് ഇ.ഡി നീക്കം.
ഇഡിയുടെ പ്രസ്താവന പ്രകാരം ഫെബ്രുവരി 23, 24 തീയതികളിൽ എൻഐയുഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെയും മുംബൈയിലെ സോഡ്സ് സൊല്യൂഷൻസ് , വിക്രഹ് ട്രേഡിങ് കമ്പനി, ടൈറാനസ് ടെക്നോളജി, ഫ്യൂച്ചർ വിഷൻ മീഡിയ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈയിലെ എം/എസ് അപ്രികിവി സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിയിലെ റാഫേൽ ജെയിംസ് റൊസാരിയോ എന്നിവരുടെയും സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇവിടങ്ങളിൽ നിന്ന് നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ച ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ, കുറ്റാരോപിതരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവിധ ജംഗമ, സ്ഥാവര സ്വത്തുക്കളുടെ വിശദാംശങ്ങൾ എന്നിവ പിടിച്ചെടുത്തു.
“കേരളത്തിലെ ഒരു കൂട്ടം മ്യൂൾ അക്കൗണ്ടുകൾ വഴി അനധികൃത ഓൺലൈൻ വായ്പ / ചൂതാട്ടം / വാതുവെപ്പ് ആപ്പുകൾ മുൻനിർത്തി തെറ്റായ വരുമാനം കണ്ടെത്തിയത് ലക്ഷ്യമിട്ടായിരുന്നു തിരച്ചിൽ, ED വിശദീകരിച്ചു. ചൈനീസ് സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ഓൺലൈൻ ലോൺ, ചൂതാട്ടം, വാതുവെപ്പ് ആപ്പുകൾ വഴിയുള്ള വഞ്ചന സംബന്ധിച്ച ആരോപണങ്ങളിൽ കേരള, ഹരിയാന പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.