കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വനം വകുപ്പ് മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മന്ത്രിയുടെ വീട്ടില്‍ അധികൃതര്‍ പരിശോധന നടത്തിയതിന് പിന്നാലെ രാത്രിയോടെയായിരുന്നു അറസ്റ്റ്.അദ്ദേഹം ഭക്ഷ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടികള്‍.
മന്ത്രിയുടെ പിഎയുടെ വീട്ടിലും റെയ്ഡ് നടത്തിയിട്ടുണ്ട്.ഇത് ഗൂഢാലോചനയാണെന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോള്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിഷയത്തെ തൃണമൂല്‍ ശക്തമായി എതിര്‍ക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.റെയ്ഡ് നടന്നപ്പോള്‍ തന്നെ ബിജെപിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ട് പോകുമെന്നും അസുഖബാധിതനായ മന്ത്രിയെ കഷ്ടപ്പെടുത്തുകയാണെന്നും രാഷ്ട്രീയ വേട്ടയാണെന്നും തുടങ്ങിയ വിമര്‍ശനങ്ങള്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ വ്യാപാരിയുടെ സ്വത്ത് അധികൃതര്‍ കണ്ടെത്തിയിരുന്നു.