കൊച്ചി: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ. ചെന്നൈയിൽ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ടുതന്നെ അശോക് കുമാറിനെ ചെന്നൈയിൽ എത്തിക്കുമെന്നാണ് വിവരം. നാല് തവണ നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. നാളെ കോടതിയിൽ ഹാജരാക്കിയേക്കും.
സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അശോക് കുമാറിന്റെ വീട്ടിലുൾപ്പെടെ ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ആദായ നികുതി വകുപ്പും ഇ ഡിയും നേരിട്ട് ഹാജരാകാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഇ ഡി കണ്ടെടുത്ത രേഖകളിൽ മറുപടി നൽകാൻ സമയം വേണമെന്നാശ്യപ്പെട്ട് മാറി നിൽക്കുകയായിരുന്നു അശോക് കുമാർ. വിദേശത്തേയ്ക്ക് കടന്നിരിക്കാമെന്ന സംശയത്തെത്തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
സെന്തിൽ ബാലാജിയുടെ ബിനാമി പണം ഉപയോഗിച്ച് അശോക് കുമാറിന്റെ ഭാര്യ നിർമല സ്വത്ത് സമ്പാദിച്ചതായി ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിർമലയോടും ഹാജരാകാൻ നിർദേശിച്ചു. അശോക് കുമാർ വീട് നിർമിക്കുന്ന ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളും ഇ ഡി വിലക്കിയിരുന്നു. മന്ത്രിയുടെ പണം ഉപയോഗിച്ചാണ് 2.49 ഏക്കർ സ്ഥലത്ത് ബംഗ്ളാവ് നിർമിക്കുന്നതെന്ന് വിലയിരുത്തിയായിരുന്നു ഇത്. നിർമലയുടെ പേരിലുള്ള ഭൂമിയിലെ നിർമാണത്തിന് ബാങ്കിൽ നിന്ന് വായ്പയെടുത്തതിനുശേഷം ഇത് അമ്മയ്ക്ക് സമ്മാനമായി നൽകിയെന്നും ഇ ഡി കണ്ടെത്തിയിരുന്നു.