ന്യൂഡല്‍ഹി: പ്രതിപക്ഷസഖ്യത്തിന്റെ ഇന്ത്യ എന്ന പേരില്‍ ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തിലാണ് കമ്മീഷന് ഇക്കാര്യം വ്യക്തമാക്കിയത്.
1951ലെ ജനപ്രാധിനിത്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് അധികാരമില്ല. സഖ്യത്തെ നിയന്ത്രിക്കാനോ അതിന്റെ പേര് അടക്കമുള്ള കാര്യങ്ങളില്‍ നേരിട്ട് ഇടപടാനോ കമ്മീഷന് കഴിയില്ലെന്നും സത്യവാംഗ്മൂലത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച് കേരള ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.
26 പ്രതിപക്ഷ പാർട്ടികള്‍ ചേര്‍ന്നാണ് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റൽ ഇന്‍ക്ലൂസീവ് അലയന്‍സ്(ഇന്ത്യ) എന്ന പേരില്‍ ബിജെപിക്കെതിരേ സഖ്യം രൂപീകരിച്ചത്.സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കിയതിനെതിരേ ഗിരീഷ് ബര്‍ദ്വാജ് എന്നയാളാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി വിശദീകരണം തേടിയിയിരുന്നു. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് കമ്മീഷന് സത്യവാംഗ്മൂലം സമര്‍പ്പിച്ചത്.