പാലക്കാട്: കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെ തള്ളാതെ മെട്രോമാന് ഇ ശ്രീധരന്. കെ റെയില്‍ കേരളത്തിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞിട്ടില്ലെന്നും രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് പറഞ്ഞതെന്നും ഇ ശ്രീധരന് മാധ്യമങ്ങളോട് പറഞ്ഞു. കെ റെയില്‍ അടക്കമുള്ള റെയില്‍വേ പദ്ധതികളുമായി ബന്ധപ്പെട്ട് സഹായം തേടിയെത്തിയ സര്‍ക്കാര്‍ പ്രതിനിധി കെ വി തോമസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇ ശ്രീധരന്റെ പ്രതികരണം.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ കെ റെയില്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ പദ്ധതികള്‍ ചര്‍ച്ചയായതായി കെ വി തോമസ് പറഞ്ഞു. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ല. ഹൈ സ്പീഡ്, സെമി സ്പീഡ് റെയില്‍വേ പദ്ധതികളില്‍ കേരളത്തിന് അനുയോജ്യമായത് ഏത് എന്നതടക്കം വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ച് ഒരു കുറിപ്പ് തയ്യാറാക്കി നല്‍കാമെന്ന് ഇ ശ്രീധരന് അറിയിച്ചതായും കെ വി തോമസ് അറിയിച്ചു. കെ റെയില്‍ കേരളത്തില്‍ ഏതുരീതിയില്‍ നടപ്പാക്കണമെന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ അടങ്ങുന്ന കുറിപ്പാണ് നല്‍കുക. കുറിപ്പ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. പിന്നീട് മുഖ്യമന്ത്രിയായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും കെ വി തോമസ് അറിയിച്ചു.