തിരുവനന്തപുരം : കണ്ണൂർ തിരുവനന്തപുരം അതിവേഗ പാതക്കായി താൻ വിഭാവനം ചെയ്തത് സ്റ്റാൻഡേർഡ് ലൈനാണെന്ന് ഇ ശ്രീധരൻ . ഇക്കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കുറിപ്പിൽ നിർദേശമായി അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബ്രോഡ്ഗേജ് തിരക്കേറിയതാണ്. മറ്റു പാതകളുമായി കണക്ട് ചെയ്യേണ്ട ആവശ്യമില്ല.
ഇ ശ്രീധരന്റെ നിർദേശം
● തുരങ്കപ്പാതയും ആകാശപ്പാതയും ചേരുന്ന അർധ അതിവേഗപ്പാത
● ജനസാന്ദ്രതകൂടിയ സ്ഥലങ്ങളിൽ തുരങ്കപ്പാത വേണം. കെട്ടിടം സംരക്ഷിക്കാൻ അതിലൂടെ കഴിയും.
● അർധ അതിവേഗപ്പാത പിന്നീട് വേഗപ്പാതയാക്കാം
● സർവേ നടത്തണം
● രണ്ടുവർഷത്തിനകം ഡിപിആർ തയ്യാറാക്കാൻ കഴിയും. ആറുമുതൽ എട്ടുമാസത്തിനകം റെയിൽവേയുടെയും കേന്ദ്ര സർക്കാരിന്റെയും അനുമതി നേടിയെടുക്കാൻ കഴിയും
● 2026ൽ നിർമാണം തുടങ്ങി ആറുവർഷത്തിനകം പദ്ധതി പൂർത്തീകരിക്കാൻ കഴിയും
● ഒരു ലക്ഷം കോടിയാണ് നിർമാണച്ചെലവ്.
അതിൽ 26,000 കോടിവീതം കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഹിക്കണം. 48,000 കോടി വിദേശവായ്പ എടുക്കാം
● നിർമാണച്ചുമതല റെയിൽവേക്കോ ഡിഎംആർസിക്കോ നൽകണം. 20 വർഷത്തിനകം പദ്ധതി ലാഭത്തിലാകും