തിരുവനന്തപുരം : കേന്ദ്രത്തിനെതിരായ സംസ്ഥാനത്തിന്റെ വികാരം പ്രതിഫലിപ്പിച്ച് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയിൽ ഒഴുകിയെത്തിയത് ലക്ഷങ്ങൾ. കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കെതിരെയും കാസർകോട്ട് മുതൽ തിരുവനന്തപുരം വരെയാണ് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചത്. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ജനങ്ങൾ ഡിവൈഎഫ്ഐക്ക് ഒപ്പം അണിനിരന്നു.
കാസർകോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഇ പി ജയരാജൻ അവസാന കണ്ണിയായി. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് സംസ്ഥാനത്ത് ഉടനീളം മനുഷ്യച്ചങ്ങലയുടെ ഭാഗമായത്. മനുഷ്യച്ചങ്ങല പലയിടത്തും മനുഷ്യമതിലാകുന്ന രീതിയിൽ ജനപ്രവാഹമാണ് ഉണ്ടായത്. ലക്ഷങ്ങൾ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു. സമൂഹത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളിൽപെടുന്ന ആളുകൾ ചങ്ങലയുടെ ഭാഗമായി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കേന്ദ്രകമ്മറ്റിയംഗം വിജയരാഘവൻ,സിനിമാ താരം നിഖിലാ വിമൽ അടക്കം സിനിമാ താരങ്ങളും ചങ്ങലയുടെ ഭാഗമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും വീണ വിജയനും തലസ്ഥാനത്ത് രാജ്ഭവന് മുന്നിൽ ചങ്ങലയുടെ ഭാഗമായി പങ്കെടുത്തു.