കൊച്ചി : തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകിയ മാത്യു കുഴൽനാടൻ എംഎൽഎയെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ. വാചക കസർത്ത് നടത്തി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എംഎൽഎ ശ്രമിക്കുന്നതെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ കുറ്റപ്പെടുത്തൽ.മൂവാറ്റുപുഴയിൽ എംഎൽഎ ഓഫീസിന് മുന്നിലേക്ക് മാത്യു കുഴൽനാടന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പരാമർശം.
തട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ എംഎൽഎ തയ്യാറാകണം. എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്ന് വി കെ സനോജ് ചോദിച്ചു. വീട് നിർമാണത്തിനും കൃഷിക്കും മാത്രം ഉപയോഗപ്പെടുത്തേണ്ട സ്ഥലത്താണ് മാത്യു കുഴൽനാടൻ റിസോർട്ട് നിർമ്മിച്ചിരിക്കുന്നത്. പട്ടയ വ്യവസ്ഥയിൽ ലംഘനം നടത്തിയാൽ സംസ്ഥാന സർക്കാറിന് ഭൂമി കണ്ടെടുക്കാമെന്ന് കേരളാ ഹൈക്കോടതി വിധിയുണ്ട്. മാത്യു കുഴൽനാടന്റെ നികുതിവെട്ടിപ്പിലടക്കം ശക്തമായ സമരവുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുമെന്നും വി കെ സനോജ് പറഞ്ഞു.