തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാല്‍ അത് ഭേദമാകുന്നതുവരെ പൂര്‍ണശമ്പളത്തോടെ അവധി അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ കേരള സര്‍വീസ് ചട്ടത്തില്‍ ഭേദഗതി വരുത്തി.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും ലീവ് അനുവദിക്കുക. ഒറ്റത്തവണയായി ആറുമാസത്തിലധികം അവധി അനുവദിക്കേണ്ടിവന്നാല്‍ അക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. ചികിത്സയ്ക്കായി അവധി അനുവദിക്കുന്നതിന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റിനു പുറമേ ഓഫീസ് മേധാവിയുടെ ശുപാര്‍ശയുമുണ്ടാകണം.
ശമ്പളവും എല്ലാ ആനുകൂല്യങ്ങളും ഈ കാലയളവില്‍ ലഭിക്കും. ഇതിന് നിയമപ്രാബല്യം കൊണ്ടുവരുന്നതിനായാണ് സര്‍വീസ് ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കിയത്.