തിരുവനന്തപുരം: ആര്യനാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് മർദനമെന്ന് പരാതി. മദ്യലഹരിയിൽ ആശുപത്രിയിൽ എത്തിയ യുവാക്കൾ ഡോക്ടറെ മർദിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഒരാളെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പതിനൊന്നരയോടെ ആശുപത്രിയിൽ എത്തിയ മൂന്ന് യുവാക്കളിൽ ഒരാൾ ഡോക്ടറെ മർദിക്കുകയായിരുന്നു. ഒ.പി ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്ന് ഡോക്ടർ ജോയ് പറഞ്ഞു. ചാകാൻ കിടക്കുമ്പോൾ ആണോ ഒ.പി ടിക്കറ്റ് എന്ന് ആക്രാേശിച്ചാണ് മർദിച്ചതെന്ന് ഡോക്ടർ പറഞ്ഞു.
മർദനത്തിൽ ഡോക്ടറുടെ കാലിന് പരിക്കേറ്റു. പിന്നീട് ഒ.പി ഉപേക്ഷിച്ച ഡോക്ടർ വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെയും സെക്യൂരിറ്റിയെയും യുവാക്കൾ അസഭ്യം പറഞ്ഞു. അക്രമത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ ഇന്ന് ഒരുമണിക്കൂർ ഒ.പി ബഹിഷ്കരിച്ചു. ഡോക്ടറെ അക്രമിച്ച ആര്യനാട് സ്വദേശി അഭിജിത്താണ് കസ്റ്റഡിയിൽ ഉള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോർജും നിർദേശം നൽകിയിട്ടുണ്ട്.