കൊച്ചി : കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ ഏഴു തവണ കഞ്ചാവ് എത്തിച്ചിരുന്നതായി അറസ്റ്റിലായ മുഖ്യപ്രതി അനുരാജ്. ആറുമാസം മുമ്പാണ് കഞ്ചാവ് ഇടപാട് തുടങ്ങിയത്. ഹോസ്റ്റലില്‍ ലഹരി ഇടപാടുകള്‍ ഏകോപിപ്പിച്ചിരുന്നതും അനുരാജാണ്. ഇയാള്‍ പലരില്‍ നിന്നും പണം സമാഹരിച്ചിരുന്നു. ഹോസ്റ്റലില്‍ ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിക്കുന്നതിനായി ഗൂഗിള്‍പേ വഴി 16,000 രൂപ പൂര്‍വ വിദ്യാര്‍ത്ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവര്‍ക്ക് നല്‍കിയിരുന്നതായും അനുരാജ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കളമശ്ശേരി പോളി ടെക്നിക്കിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് മുഖ്യപ്രതിയായ അനുരാജ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. കഞ്ചാവിനായി ഗൂഗിള്‍പേ കൂടാതെ, നേരിട്ടും പണം നല്‍കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നാലു കവറുകളിലായി 3.5 കിലോ കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചത്. ഇതില്‍ രണ്ടുകിലോ ആണ് റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്തത്. ശേഷിച്ച 1.5 കിലോ കഞ്ചാവ് എവിടെയെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു.
പുറയാര്‍ സ്വദേശികളായ പൂര്‍വ വിദ്യാര്‍ത്ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവരാണ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ഇവര്‍ കഴിഞ്ഞവര്‍ഷം ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായിരുന്നു. എന്നാല്‍ ആവശ്യമായ അറ്റന്‍ഡന്‍സ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് പരീക്ഷ എഴുതാനായിരുന്നില്ല. പശ്ചിമബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നും ഇതരസംസ്ഥാനക്കാര്‍ വഴിയെത്തുന്ന കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ആഷിഖ്, ഷാലിക്ക് എന്നിവര്‍ മുഖേന അനുരാജ് ഹോസ്റ്റലിലേക്ക് എത്തിക്കുകയായിരുന്നു പതിവെന്ന് പൊലീസ് സൂചിപ്പിച്ചു.
ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയിലും പുറത്തും വിപണനം ചെയ്തിരുന്നു. അനുരാജ് മുമ്പും പലതവണ വലിയ അളവിലും ചെറിയ അളവിലും കഞ്ചാവും മറ്റ് ലഹരിമരുന്നുകളും എത്തിച്ച് ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. കഞ്ചാവ് റാക്കറ്റിന്റെ മുഖ്യ ഇടനിലക്കാരനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകളും, മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധവും പരിശോധിച്ചു വരികയാണെന്ന് എസിപി പി വി ബേബി പറഞ്ഞു. സുഹൈല്‍ഭായ് എന്നയാളില്‍ നിന്നാണ് ആഷിഖ്, ഷാലിക്ക് എന്നിവര്‍ക്ക് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ ലഭിച്ചതെന്നാണ് മൊഴി. ഇയാള്‍ക്കായും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.