കൊച്ചി : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ മുൻ പരിചയമില്ലെന്ന് നടൻ ശ്രീനാഥ് ഭാസി. പൊലീസ് ചോദ്യം ചെയ്യലിലാണ് താരം ഓം പ്രകാശിനെ അറിയില്ലെന്ന് വ്യക്തമാക്കിയത്. ശ്രീനാഥ് ഭാസിയെ നാലര മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്. നടന്റെ ചോദ്യം ചെയ്യൽ പൂർത്തിയായതിനു പിന്നാലെ പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി.
എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് നടി എത്തിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ പ്രതികരിച്ചില്ല. നടൻ കൂടിയായ സാബുമോനാണ് പ്രയാഗയ്ക്കുവേണ്ട നിയമസഹായങ്ങൾ ചെയ്യുന്നത്. ചോദ്യംചെയ്യൽ പൂർത്തിയായി പ്രയാഗ ഇറങ്ങിവരുമ്പോൾ കൂടുതൽ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഓം പ്രകാശിനെ മുൻ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസി മൊഴി നൽകിയത്. ബിനു ജോസഫിനോടൊപ്പമാണ് ഹോട്ടലിൽ എത്തിയതെന്നും അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി പൊലീസിനോട് പറഞ്ഞു.
ലഹരി കടത്ത് കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേര് ഉൾപ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ ഹോട്ടലിൽ നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും പാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസിനു ലഭിച്ച വിവരം. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്. സിനിമാ താരങ്ങൾക്ക് ഒപ്പം റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴിയെടുക്കും.